മന്ത്രി പദവി വാഗ്ദാനം ചെയ്ത് വ്യാജകോൾ; എലത്തൂർ എംഎൽഎയെ വിളിച്ച നമ്പറിന്റെ ഉടമയെ കണ്ടെത്തി
കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് മന്ത്രി പദവി വാഗ്ദാനം ചെയ്ത് വ്യാജ ഫോൺകോൾ നടത്തിയ സംഭവത്തിൽ നിർണായക പുരോഗതി. കേസിൽ ഉപയോഗിച്ച സിം കാർഡിന്റെ ഉടമയെ അന്വേഷണസംഘം കണ്ടെത്തി. ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡ് രജിസ്റ്റർ ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു.
സിം കാർഡ് തന്റേതാണെന്ന് ഇയാൾ സമ്മതിച്ചെങ്കിലും, വ്യാജ ഫോൺവിളിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മൊഴി. മൊബൈൽ ഫോൺ നേരത്തെ മോഷണം പോയിരുന്നുവെന്നും ഇയാൾ അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. സിം ഉടമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
കേരളത്തിൽ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് ഇയാളെ വിശദമായി ചോദ്യം ചെയ്തു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ രൂപവത്കരിച്ച പ്രത്യേക സംഘമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
ജൂലൈ 6-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺകോൾ ലഭിച്ചത്. സംസ്ഥാന മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രി പദവി ഉറപ്പാക്കാമെന്നുമായിരുന്നു വാഗ്ദാനം. പ്രിയങ്കാ ഗാന്ധി എംപിയുടെ ഡൽഹി ഓഫീസിലെ രാജ്കുമാർ എന്ന പേരിൽ ആൾമാറാട്ടം നടത്തിയായിരുന്നു ഫോൺവിളി.
സംഭവം അറിഞ്ഞ പ്രിയങ്കാ ഗാന്ധി എംപി, യഥാർഥ രാജ്കുമാറിന്റെ ശബ്ദസന്ദേശം വിദ്യാ ബാലകൃഷ്ണന് കൈമാറി. ലഭിച്ച ഫോൺവിളിയിലെ ശബ്ദവും യഥാർഥ ശബ്ദസന്ദേശവും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്ന് വിദ്യ സ്ഥിരീകരിച്ചു. തുടർന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ആൾമാറാട്ടം നടത്തി വഞ്ചിക്കാൻ ശ്രമിച്ചതിനും വിവരസാങ്കേതിക നിയമത്തിലെ 66ഡി വകുപ്പ് പ്രകാരവും പോലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസിലെ സൈബർ ക്രൈം അസിസ്റ്റന്റ് കമ്മിഷണർ എസ്.എം. പ്രദീപ് കുമാറിനാണ് അന്വേഷണ ചുമതല.
അന്വേഷണത്തിൽ സിം കാർഡ് ഡൽഹി വിലാസത്തിൽ രജിസ്റ്റർ ചെയ്തതാണെന്ന് നേരത്തെ സൈബർ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഡൽഹിയിലേക്ക് തിരിഞ്ഞത്.വിദ്യാ ബാലകൃഷ്ണന് പുറമെ കോൺഗ്രസ് നേതാക്കളായ എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സമാന രീതിയിൽ പണം നൽകിയാൽ ഉയർന്ന പദവികൾ ലഭ്യമാക്കാമെന്ന വാഗ്ദാനവുമായി വ്യാജ ഫോൺവിളികളും സന്ദേശങ്ങളും ലഭിച്ചിരുന്നു.
ഈ മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധി എംപിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട് സൈബർ പോലീസും പ്രത്യേകം കേസെടുത്ത് അന്വേഷണം തുടരുകയാണ്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.