കോഴിക്കോട്: സി.പി.എം കോഴിക്കോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവും അസംതൃപ്തിയും. നേതൃത്വത്തിലെ വിഭാഗീയതയും ചേരിതിരിവുമാണ് സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങളെ പ്രതികൂലമായി ബാധിച്ചതെന്ന് യോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ചകളില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് മത്സരിച്ച ബേപ്പൂര്‍ മണ്ഡലത്തിലെ പ്രചാരണത്തിന് പാര്‍ട്ടി അമിത പ്രാധാന്യം നല്‍കിയെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു വന്നു. ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളെ അവഗണിച്ച് ഒരു പ്രത്യേക മണ്ഡലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചതായി ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടും അതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ നേതൃത്വം തയ്യാറായില്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ആരോപണങ്ങളില്‍ പാര്‍ട്ടി വ്യക്തത വരുത്താതിരുന്നത് അണികള്‍ക്കിടയിലും സാധാരണ പ്രവര്‍ത്തകര്‍ക്കിടയിലും പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേല്‍പ്പിച്ചെന്നും നേതാക്കള്‍ തുറന്നടിച്ചു.
തിരഞ്ഞെടുപ്പുകളെ ഒരേമനസ്സോടെയും കെട്ടുറപ്പോടെയും നേരിടാന്‍ തക്കവിധത്തില്‍ പാര്‍ട്ടി സംവിധാനത്തെ ഏകോപിപ്പിക്കുന്നതില്‍ ജില്ലാ നേതൃത്വം പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നും വിപുലീകൃത ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
കോഴിക്കോട് സി.പി.എമ്മില്‍ വിഭാഗീയതയെന്ന് വിപുലീകൃത ജില്ലാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം; മുഹമ്മദ് റിയാസിനെതിരെയും ആരോപണം