വിദ്യാഭ്യാസവും തൊഴിലില്ലായ്മയും മുഖ്യവിഷയം; 'ക്യാ ബോൽതീ പബ്ലിക്' ക്യാമ്പയിനുമായി സിജെപി
മുംബൈ: രാഷ്ട്രീയ പാർട്ടിയായി മാറില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) രാജ്യവ്യാപക ജനകീയ ക്യാമ്പയിൻ പ്രഖ്യാപിച്ചു. സാധാരണക്കാരുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാര നിർദേശങ്ങൾ മുന്നോട്ടുവെക്കുക എന്ന ലക്ഷ്യത്തോടെ 'ക്യാ ബോൽതീ പബ്ലിക്' എന്ന പേരിലുള്ള പ്രചാരണ പരിപാടിക്കാണ് തുടക്കമിടുന്നത്. 2026 സെപ്റ്റംബറിലാണ് ക്യാമ്പയിൻ ആരംഭിക്കുക.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ വസതിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷമാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
രാജ്യത്ത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാകാത്തവിധം ചെലവേറിയതായെന്നും വിദ്യാഭ്യാസ മേഖലയിലെ അടിയന്തര പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും അഭിജീത് ദീപ്കെ പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളിൽ പോലും തൊഴിലില്ലായ്മ വർധിച്ചുവരുന്ന സാഹചര്യത്തിൽ, വിദ്യാഭ്യാസവും തൊഴിലവസരങ്ങളും സിജെപിയുടെ പ്രധാന ചർച്ചാ വിഷയങ്ങളായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷകളും ആശങ്കകളും നേരിട്ട് മനസ്സിലാക്കി അവർക്കൊപ്പം പ്രവർത്തിക്കുന്ന ജനകീയ ഇടപെടലായിരിക്കും 'ക്യാ ബോൽതീ പബ്ലിക്' ക്യാമ്പയിൻ. വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രകളിലൂടെയും പൊതുജനങ്ങളുമായുള്ള സംവാദങ്ങളിലൂടെയും ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കാനാണ് സംഘടനയുടെ തീരുമാനം.
അടുത്തിടെ നടന്ന വിദ്യാർഥി കേന്ദ്രീകൃത പ്രതിഷേധങ്ങളുടെ പ്രധാന നേട്ടങ്ങളിലൊന്നാണ് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയെന്ന് ദീപ്കെ അഭിപ്രായപ്പെട്ടു. ഡോ. ബി.ആർ. അംബേദ്കർ, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു എന്നിവരുടെ ആശയങ്ങളും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും ഉയർത്തിപ്പിടിച്ചായിരിക്കും സംഘടന മുന്നോട്ടുപോകുകയെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ കൂട്ടായ്മയായി പ്രവർത്തനം തുടരുമെന്ന് വ്യക്തമാക്കിയ സിജെപി, സംഘടന വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക വെബ്സൈറ്റ് വഴി അംഗത്വ രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. ഇതിനായി ക്യു.ആർ. കോഡും പുറത്തിറക്കിയിട്ടുണ്ട്. സംഘടനയുടെ പേരിൽ ഫണ്ട് ശേഖരണം നടത്തുന്ന വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും സിജെപി നേതാക്കൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.