Logo
Tue, Jul 07, 2026 • 12:45 PM
LIVE TV
Watch

No business videos available

No Middle East videos available

മടുപ്പും പ്രതിഷേധവും; എല്‍ഡിഎഫ് വോട്ടര്‍മാര്‍ പോലും വിട്ടുനിന്നുവെന്ന് സിപിഐ റിവ്യൂ റിപ്പോര്‍ട്ട്; സിപിഎമ്മിനെതിരെയും പരോക്ഷ വിമര്‍ശനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 07, 2026
1 min read
SHARE:
SAVE: Login to save

മടുപ്പും പ്രതിഷേധവും; എല്‍ഡിഎഫ് വോട്ടര്‍മാര്‍ പോലും വിട്ടുനിന്നുവെന്ന് സിപിഐ റിവ്യൂ റിപ്പോര്‍ട്ട്; സിപിഎമ്മിനെതിരെയും പരോക്ഷ വിമര്‍ശനം

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞതിന് കാരണം ഇടതുപക്ഷ അനുഭാവികളുടെ മടുപ്പും പ്രതിഷേധവുമാണെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗീകരിച്ച റിവ്യൂ റിപ്പോർട്ട്. സർക്കാരിനോടുള്ള അതൃപ്തി കാരണം ഇടതുപക്ഷ വോട്ടർമാർ തന്നെ വോട്ടെടുപ്പിൽ നിന്ന് ബോധപൂർവ്വം വിട്ടുനിന്നെന്നാണ് പാർട്ടി വിലയിരുത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ അത് 80 ശതമാനത്തിന് താഴെയായത് ഈ താൽപര്യക്കുറവിന്റെ വ്യക്തമായ തെളിവാണ്. പത്ത് വർഷത്തെ തുടർച്ചയായ ഭരണത്തിനിടയിൽ ജനങ്ങളും മുന്നണിയും തമ്മിലുള്ള ഇഴയടുപ്പം ദുർബലമായെന്നും ജനങ്ങൾ പ്രതീക്ഷിച്ച തിരുത്തലുകൾ വരുത്തുന്നതിൽ എൽഡിഎഫിന് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

പരമ്പരാഗത-അസംഘടിത മേഖലയിലെ തൊഴിലാളികൾ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണ തൃപ്തരല്ലായിരുന്നു എന്നതാണ് പാർട്ടി മുന്നോട്ടുവെക്കുന്ന പ്രധാന പോരായ്മകളിൽ ഒന്ന്. പാവപ്പെട്ടവർക്ക് ചികിത്സയും മരുന്നും സമയത്തിന് ലഭ്യമാക്കുന്നതിലും, കാരുണ്യ ഇൻഷുറൻസ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിലും ഗുരുതരമായ വീഴ്ചകളുണ്ടായി. ജനങ്ങൾ ക്ഷേമ-വികസന പ്രവർത്തനങ്ങൾക്ക് അപ്പുറം സർക്കാരിൽ നിന്ന് മറ്റ് ചിലത് കൂടി പ്രതീക്ഷിക്കുന്നുണ്ടെന്നും, അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഗുരുതരമായ പോരായ്മ സംഭവിച്ചതായും സിപിഐ വ്യക്തമാക്കുന്നുണ്ട്.

മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിന്റെ ഏകപക്ഷീയമായ ഇടപെടലുകളെയും റിപ്പോർട്ടിൽ പരോക്ഷമായി വിമർശിക്കുന്നുണ്ട്. സാമുദായിക പ്രശ്നങ്ങളിൽ ദീർഘവീക്ഷണമില്ലാതെ ചിലർ (സിപിഎം) നടത്തിയ ഏകപക്ഷീയ ഇടപെടലിന്റെ പ്രത്യാഘാതം മുന്നണിയാകെ അനുഭവിക്കേണ്ടി വന്നു. കൂടാതെ, ഭൂരിപക്ഷ വർഗീയതയ്ക്കെതിരെ ഇടതുപക്ഷത്തെ ആശ്രയിച്ചിരുന്ന ന്യൂനപക്ഷങ്ങളുടെ നിലപാടിൽ മാറ്റമുണ്ടായിട്ടും അതിന്റെ ആഴം മനസ്സിലാക്കാൻ എൽഡിഎഫിന് കഴിഞ്ഞില്ല. ഇടതുപക്ഷ ചിന്തകരും സാംസ്കാരിക പ്രവർത്തകരും ഉയർത്തിയ വിമർശനങ്ങളെ ഗൗരവത്തോടെ ഉൾക്കൊള്ളാൻ മുന്നണി തയ്യാറായില്ലെന്നും സിപിഐ കുറ്റപ്പെടുത്തുന്നു.

നേരത്തെ നേരിട്ട തെരഞ്ഞെടുപ്പ് തോൽവികൾക്ക് ശേഷം സിപിഐയും സിപിഎമ്മും സംയുക്തമായി ആരംഭിച്ച ഗൃഹസന്ദർശന പരിപാടികൾ പാതിവഴിയിൽ മുടങ്ങിയതും തിരിച്ചടിയായി. ആശാ പ്രവർത്തകരുടെ സമരം പോലുള്ള ജനകീയ വിഷയങ്ങളിൽ ഒത്തുതീർപ്പ് ചർച്ചകൾ വേണമെന്ന നിലപാട് പാർട്ടി മുന്നണിയിൽ ഉയർത്തിയെങ്കിലും, അതിനപ്പുറത്തേക്ക് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ സിപിഐക്ക് സാധിച്ചില്ലെന്ന സ്വയംവിമർശനവും റിപ്പോർട്ടിലുണ്ട്. മുൻ പാർലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ജനവികാരം ഉൾക്കൊണ്ട് കൃത്യമായ ഭരണപരിഷ്കാരങ്ങൾ വരുത്താത്തതാണ് ഇപ്പോഴത്തെ ഈ അസംതൃപ്തിക്ക് കാരണമെന്നാണ് സിപിഐയുടെ അന്തിമ വിലയിരുത്തൽ.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10