നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ തന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള ദേശീയ റെക്കോഡ് തകർത്ത് വെങ്കലമെഡൽ നേടിയ വിത്യ രാംരാജിന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മുൻ ഇതിഹാസ താരവുമായ പി.ടി. ഉഷയുടെ അഭിനന്ദനം. റെക്കോഡുകൾ എന്നും തകർക്കപ്പെടാൻ ഉള്ളതാണെന്നും തങ്ങൾ പടുത്തുയർത്തിയ പരിധികളെ മറികടന്ന് പുതിയ തലമുറ മുന്നേറുന്നത് കാണുന്നതാണ് ഒരു കായികതാരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമെന്നും ഉഷ വ്യക്തമാക്കി. മലയാളി താരമായ പി.ടി. ഉഷ 42 വർഷങ്ങൾക്ക് മുൻപ് കുറിച്ച ചരിത്രപരമായ പ്രകടനത്തെയാണ് വിത്യ മറികടന്നത്.
തന്റെ റെക്കോഡ് തകർക്കപ്പെട്ടത് അങ്ങേയറ്റം സവിശേഷമായ ഒരു നിമിഷമാണെന്ന് പി.ടി. ഉഷ പ്രതികരിച്ചു. "സ്വയം വെല്ലുവിളിക്കുകയും പുതിയ അതിരുകൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് ഈ കായികരംഗത്തെ കൂടുതൽ മികച്ച നിലയിൽ അടുത്ത തലമുറയ്ക്ക് കൈമാറാനാണ് ഏതൊരു കായികതാരവും ശ്രമിക്കുന്നത്. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു നാഴികക്കല്ല് മറികടന്ന് ഒരു യുവതാരം ഉയർന്നുവരുമ്പോൾ അത് ആ വ്യക്തിക്ക് മാത്രമല്ല, രാജ്യത്തെ കായികരംഗത്തിനാകെ അഭിമാനമാണ്. ഒരു റെക്കോഡിന്റെ യഥാർത്ഥ മൂല്യം അത് എത്രകാലം നിലനിന്നു എന്നതിലല്ല, മറിച്ച് അതിനെ മറികടക്കാൻ വരാനിരിക്കുന്ന താരങ്ങൾക്ക് അത് എത്രത്തോളം പ്രചോദനമായി എന്നതിലാണ്," എന്ന് ഉഷ കൂട്ടിച്ചേർത്തു.
1984-ലെ ലോസ് ആഞ്ചലീസ് ഒളിമ്പിക്സിൽ പി.ടി. ഉഷ കുറിച്ച 55.42 സെക്കൻഡ് എന്ന സമയമാണ് വിത്യ മാറ്റിമറിച്ചത്. നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസ് ഫൈനലിൽ 54.75 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ടാണ് വിത്യ വെങ്കലത്തോടൊപ്പം പുതിയ ദേശീയ റെക്കോഡും സ്വന്തമാക്കിയത്. 2023-ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിന്റെ ഹീറ്റ്സിൽ 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വിത്യ ഉഷയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു. എന്നാൽ ഇത്തവണ ആ റെക്കോഡ് പൂർണ്ണമായും തിരുത്തിയെഴുതാൻ വിത്യയ്ക്കായി.
'റെക്കോഡുകൾ മറികടക്കാനുള്ളതാണ്': 42 വർഷത്തെ റെക്കോഡ് തകർത്ത വിത്യ രാംരാജിനെ പ്രശംസിച്ച് പി.ടി. ഉഷ