"സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു, 126 കോടി നഷ്ടപ്പെട്ട സ്പോൺസർ എന്തുകൊണ്ട് പരാതി നൽകിയില്ല?": വി. അബ്ദുറഹിമാന്റെ വാദങ്ങൾ തള്ളി കായികമന്ത്രി
ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ വാദങ്ങൾ പൂർണ്ണമായും തള്ളി നിലവിലെ കായികമന്ത്രി ഒ.ജെ. ജനീഷ്. ഒരു സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായി മുൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണുണ്ടായതെന്ന് ദില്ലിയിൽ വാർത്താസമ്മേളനത്തിൽ മന്ത്രി ആരോപിച്ചു. സർക്കാരിന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന മുൻമന്ത്രിയുടെ വാദത്തിൽ കഴമ്പില്ലെന്നും, പരിപാടിക്ക് വെറും 20 ദിവസം മുൻപ് മാത്രം രജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പോലും പരിശോധിക്കാതെയാണ് നടപടികളുമായി മുന്നോട്ട് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ ഓഫീസിലേക്ക് എത്തിയ പ്രൊപ്പോസലിൽ കൃത്യമായ നടപടിക്രമങ്ങൾ (Rules of Procedure) പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ഉയർന്നു കേൾക്കുന്ന 'അമീറ' എന്ന ദുരൂഹമായ പേരിനെക്കുറിച്ച് അന്വേഷണം അനിവാര്യമാണെന്നും മുൻമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും മന്ത്രി ജനീഷ് ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഇത്തരം കാര്യങ്ങൾ നടന്നതെന്ന് പരിശോധിക്കുമെന്നും, സ്വാഭാവികമായും മുൻ മുഖ്യമന്ത്രി ഇതറിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മുൻമന്ത്രി നടത്തിയ വിദേശയാത്രയ്ക്കായി സർക്കാരിന്റെ 14 ലക്ഷത്തോളം രൂപ ദുരുപയോഗം ചെയ്തതായും, സർക്കാരിനെ കേവലം നോക്കുകുത്തിയാക്കിയാണ് കാര്യങ്ങൾ നിർവ്വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പോൺസറെ തിരഞ്ഞെടുത്തതിൽ യാതൊരുവിധ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്നും ഫയലുകളിൽ ഇതിനെപ്പറ്റിയുള്ള വിശദാംശങ്ങളില്ലെന്നും മന്ത്രി ആരോപിച്ചു. ഇവന്റിലൂടെ ലഭിക്കുന്ന ലാഭവിഹിതം ആർക്ക് പോകുമെന്നതിൽ യാതൊരു വ്യക്തതയുമില്ലായിരുന്നു. 126 കോടി രൂപ നഷ്ടമായെന്ന് പറയുന്ന സ്പോൺസർ അത് തിരിച്ചുപിടിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും, എന്തുകൊണ്ടാണ് ഇതുവരെ പോലീസിൽ പരാതി നൽകാത്തതെന്നും ചോദിച്ച മന്ത്രി, വിഷയത്തിൽ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.