തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ പള്ളിത്തുറ വാർഡിലെ സ്റ്റേഷൻകടവിൽ നിർമ്മിച്ച ‘ടേക്ക് എ ബ്രേക്ക്’ വിശ്രമകേന്ദ്രം കുടുംബശ്രീക്ക് നടത്തിപ്പിനായി കൈമാറിയതിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം. മുൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സി.പി.ഐ.എം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗവുമായ മേടയിൽ വിക്രമന്റെ മരുമകൾക്ക് കെട്ടിടം ലഭ്യമാക്കുന്നതിനായി കുടുംബശ്രീ നടപടിക്രമങ്ങളിൽ അനധികൃത ഇടപെടൽ നടത്തിയെന്നാണ് പ്രധാന പരാതി.
പൊതുജനങ്ങൾക്കായി നിർമ്മിച്ച നഗരസഭയുടെ ആസ്തി സ്വകാര്യ താൽപര്യങ്ങൾക്കായി വഴിവിട്ട് ഉപയോഗിച്ചോ എന്ന കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കുടുംബശ്രീ മുഖേന കെട്ടിടം അനുവദിക്കുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും, അപേക്ഷകരെ തിരഞ്ഞെടുത്ത രീതി സുതാര്യമായിരുന്നോ എന്നും കൃത്യമായി പരിശോധിക്കണമെന്നാണ് ആവശ്യമുയരുന്നത്.
ഇടപാടിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി കെട്ടിടം അനുവദിച്ചതുമായി ബന്ധപ്പെട്ട നഗരസഭാ ഫയലുകൾ, കുടുംബശ്രീ യോഗത്തിന്റെ മിനിറ്റ്സ്, ലഭിച്ച അപേക്ഷകൾ, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ രേഖകൾ, ഉത്തരവുകൾ എന്നിവ അടിയന്തരമായി പുറത്തുവിടണമെന്ന് പരാതിക്കാർ ആവശ്യപ്പെടുന്നു.
പൊതുപണം വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടം കൈമാറുന്നതിൽ ഏതെങ്കിലും തരത്തിലുള്ള വ്യക്തിപരമായ സ്വാധീനമോ ചട്ടലംഘനമോ നടന്നിട്ടുണ്ടെങ്കിൽ, അത് കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
‘ടേക്ക് എ ബ്രേക്ക്’ കെട്ടിടം മരുമകൾക്ക് നൽകാൻ വഴിവിട്ട നീക്കം; തിരുവനന്തപുരം മുൻ ഭരണസമിതിക്കെതിരെ ആരോപണം