ഫെഡറേഷൻ ഇന്റർനാഷണൽ ഡെസ് വെഹിക്കിൾസ് ആൻഷൻസ് (FIVA) ഏർപ്പെടുത്തിയ വേൾഡ് വെഹിക്കിൾ ഹെറിറ്റേജ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ കാറായി മാരുതി 800 ചരിത്രം കുറിച്ചു. ലോകമെമ്പാടുമുള്ള ചരിത്രപ്രാധാന്യമുള്ള 21 വാഹനങ്ങളുടെ പട്ടികയിലേക്കാണ് മാരുതി 800 ഇടംപിടിച്ചത്. ദേശീയവും അന്തർദേശീയവുമായ മോട്ടറിങ് പൈതൃകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഫിവ ഈ പുരസ്കാരം നൽകുന്നത്. സമ്പന്നരുടെ പ്രതീകമായി മാത്രം കണ്ടിരുന്ന കാറുകളെ ഇന്ത്യയിലെ സാധാരണക്കാർക്കിടയിൽ ജനകീയമാക്കിയത് മാരുതി 800-ന്റെ വരവോടെയായിരുന്നു. ഇന്ത്യൻ വിപണിയിലെ ആദ്യ ആധുനിക കാറെന്ന് വിശേഷിപ്പിക്കാവുന്ന ഈ മോഡൽ, ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ കാർ വിപണിയായി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
ഇന്ത്യയിൽ നിരത്തിലിറങ്ങിയ ആദ്യത്തെ സ്വകാര്യ കാറായ മാരുതി 800 എസ്എസ്80 (SS80) ആണ് ഈ അപൂർവ നേട്ടത്തിന് അർഹമായത്. 'ഡിഐഎ 6479' (DIA 6479) എന്ന രജിസ്ട്രേഷൻ നമ്പറിൽ ഇന്ത്യൻ വിപണിയിൽ ആദ്യമായി ഇറങ്ങിയ സ്വകാര്യ മാരുതി 800 ആണിത്. 1983 ഡിസംബർ 14-ന് നടന്ന ചടങ്ങിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഈ കാറിന്റെ താക്കോൽ ഹർപൽ സിങ്ങിന് കൈമാറിയത്. നറുക്കെടുപ്പിലൂടെയാണ് ന്യൂഡൽഹി സ്വദേശിയായ ഹർപൽ സിങ് ആദ്യ മാരുതി 800 സ്വന്തമാക്കിയത്. അന്ന് 48,000 രൂപയായിരുന്നു ഈ കാറിന്റെ പ്രാരംഭ വില.
സാധാരണക്കാരായ കുടുംബങ്ങളുടെ സ്വന്തം കാർ എന്ന സ്വപ്നം മാരുതി 800-ലൂടെയാണ് യാഥാർത്ഥ്യമായത്. ഇന്ത്യൻ കാർ വിപണിയിലെ ആദ്യ ഫ്രണ്ട് വീൽ ഡ്രൈവ് കാറുകളിലൊന്നായ ഇത്, ഉൾഭാഗത്ത് കൂടുതൽ സ്ഥലസൗകര്യവും മികച്ച ഇന്ധനക്ഷമതയും നൽകി. ഇന്ത്യയിൽ നിർമ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്ത ആദ്യ കാറുകളിലൊന്നും ഇതായിരുന്നു. 2010-ൽ ഹർപൽ സിങ് അന്തരിക്കുന്നത് വരെ ഈ കാർ അദ്ദേഹത്തിന്റെ കൈവശമായിരുന്നു. പിന്നീട് 2017-ൽ മാരുതി സുസുക്കി ഏറ്റെടുത്ത ഈ അപൂർവ വാഹനം ഇപ്പോൾ ന്യൂഡൽഹിയിലെ മാരുതി സുസുക്കി ആസ്ഥാനത്ത് സുരക്ഷിതമായി പരിപാലിച്ചുവരുന്നു.
1983-ലെ എസ്എസ്80 മാരുതി 800-ൽ 796 സിസി കരുത്തുള്ള ഇൻലൈൻ 3 സിലിണ്ടർ, വാട്ടർ കൂൾഡ് പെട്രോൾ എൻജിനാണ് ഉപയോഗിച്ചിരുന്നത്. 39.5 ബിഎച്ച്പി കരുത്തും 59 എൻഎം പരമാവധി ടോർക്കും നൽകുന്ന ഈ എൻജിൻ 4 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് ബന്ധിപ്പിച്ചിരുന്നത്. തുടർച്ചയായി 21 വർഷത്തോളം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറെന്ന റെക്കോർഡും മാരുതി 800-ന് സ്വന്തമാണ്. കർശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും പുതിയ മോഡലുകളുടെ വരവും മൂലം 2014-ഓടെയാണ് കമ്പനി ഇതിന്റെ ഉത്പാദനം ഔദ്യോഗികമായി അവസാനിപ്പിച്ചത്. ഇന്നും ഇന്ത്യക്കാരുടെ മനസ്സിൽ ജനകീയ കാർ എന്ന സ്ഥാനം മാരുതി 800 നിലനിർത്തുന്നു.
അമേരിക്ക, ബ്രസീൽ, ജർമ്മനി, ഫ്രാൻസ്, ഓസ്ട്രിയ, സ്ലൊവേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള 21 വാഹനങ്ങളുടെ പട്ടികയിലാണ് മാരുതി 800 ഇടം നേടിയത്. ഫ്രാൻസിൽ നിന്നുള്ള 1926 ബുഗാട്ടി റോയൽ, സൈപ്രസിൽ നിന്നുള്ള 1965 മെഴ്‌സിഡീസ് ബെൻസ്, ബ്രസീലിൽ നിന്നുള്ള 1959 റോമി ഇസേട്ട തുടങ്ങിയ ചരിത്രപ്രസിദ്ധമായ മോഡലുകളും ഈ പുരസ്കാര ജേതാക്കളുടെ നിരയിലുണ്ട്.
ലോക പൈതൃക പട്ടികയിൽ ഇന്ത്യയുടെ പ്രിയപ്പെട്ട കാർ; വേൾഡ് വെഹിക്കിൾ ഹെറിറ്റേജ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ കാറായി മാരുതി 800