വാഷിങ്ടൺ: അമേരിക്ക-ഉത്തരകൊറിയ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളോട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്രതികരിച്ചില്ലെന്ന് റിപ്പോർട്ട്. പ്രമുഖ മാധ്യമമായ 'വാൾ സ്ട്രീറ്റ് ജേണലാണ്' ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അമേരിക്കയുമായി ചർച്ചകൾക്ക് താൽപര്യം കാണിക്കാതെ ഉത്തരകൊറിയ തങ്ങളുടെ ആണവായുധ ശേഷി വർധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങൾ വഴി കിമ്മുമായി ബന്ധപ്പെടാൻ ട്രംപ് ശ്രമിച്ചെങ്കിലും ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല. തുടർന്ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ഉത്തരകൊറിയൻ ദൗത്യസംഘം വഴി ട്രംപിന്റെ കത്ത് കൈമാറാൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ശ്രമം നടത്തി. എന്നാൽ കത്ത് നേരിട്ട് സ്വീകരിക്കാൻ ഉത്തരകൊറിയൻ നയതന്ത്രജ്ഞൻ വിസമ്മതിക്കുകയായിരുന്നു. പിന്നീട് യു.എൻ യോഗത്തിനിടെ നൽകിയ കത്ത് തുറന്നുനോക്കുക പോലും ചെയ്യാതെ അമേരിക്കൻ പ്രതിനിധിയുടെ മുന്നിൽ തിരികെ വെക്കുകയാണ് ചെയ്തത്.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഉത്തരകൊറിയയുടെ ആണവായുധ പദ്ധതികൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇരുനേതാക്കളും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. അടുത്തിടെ നടത്തിയ ഏഷ്യൻ സന്ദർശനത്തിനിടെയും കിമ്മുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് ശ്രമിച്ചിരുന്നു. എന്നാൽ, അമേരിക്കയ്ക്ക് അംഗീകരിക്കാനാകാത്ത കടുത്ത ഉപാധികളാണ് ഉത്തരകൊറിയ മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്. ആണവായുധ പദ്ധതികൾ ഉപേക്ഷിക്കാൻ കിം ജോങ് ഉന്നിന് ഒട്ടും ഉദ്ദേശ്യമില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതിനിടെ, ഉത്തരകൊറിയയുടെ ആണവായുധ ശേഖരത്തിൽ വലിയ വർധനവുണ്ടായതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 2019-ൽ 30 ആണവ പോർമുനകൾ ഉണ്ടായിരുന്ന രാജ്യത്ത് നിലവിൽ ഏകദേശം 60 ആണവ പോർമുനകളുണ്ടെന്നാണ് വിലയിരുത്തൽ. അമേരിക്കൻ ഭൂപ്രദേശത്തുവരെ ആക്രമണം നടത്താൻ ശേഷിയുള്ളതും, വിക്ഷേപണത്തിന് മുമ്പ് കണ്ടെത്താൻ പ്രയാസമുള്ളതുമായ ഖര ഇന്ധന അധിഷ്ഠിത ബാലിസ്റ്റിക് മിസൈലുകളും ഉത്തരകൊറിയ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
അമേരിക്ക തങ്ങളുടെ ആണവായുധ രാജ്യപദവി അംഗീകരിച്ചാൽ മാത്രമേ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ എന്നാണ് കിം ജോങ് ഉന്നിന്റെ കർശന നിലപാട്. അല്ലാത്തപക്ഷം ഇരുരാജ്യങ്ങളും തമ്മിൽ 'ഏറ്റുമുട്ടൽ' തുടരേണ്ടിവരുമെന്ന് ഫെബ്രുവരിയിൽ നടത്തിയ പ്രസംഗത്തിൽ കിം മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തിയ ഉത്തരകൊറിയ, സാമ്പത്തിക സ്രോതസ്സുകൾ വർധിപ്പിക്കുന്നതിനായി ക്രിപ്റ്റോകറൻസി തട്ടിപ്പുകളിൽ ഏർപ്പെടുന്നതായും ശക്തമായ ആരോപണങ്ങളുണ്ട്.
ട്രംപിന്റെ കത്ത് തുറന്നുപോലും നോക്കാതെ ഉത്തരകൊറിയ; അമേരിക്കൻ അനുനയ നീക്കങ്ങൾക്ക് കിം ജോങ് ഉന്നിന്റെ അവഗണന