വിദ്യാർഥികൾക്കെതിരായ വിവാദ പരാമർശം; ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ് പരിശോധന
കൊച്ചി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിന്റെ മട്ടാഞ്ചേരിയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. വീട്ടിൽനിന്ന് തെളിവുകൾ ശേഖരിക്കുന്നതിനും മോഹൻദാസിനെ ചോദ്യം ചെയ്യുന്നതിനുമാണ് പൊലീസ് എത്തിയതെന്നാണ് വിവരം.
തിരുവനന്തപുരത്തെ സൈബർ സെൽ സംഘമാണ് കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ പത്ത് ദിവസം മുൻപാണ് മോഹൻദാസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്.
ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷവും പ്രതിഷേധം തുടരുന്ന വിദ്യാർഥികൾക്കെതിരെ വെടിവെക്കണമെന്ന തരത്തിലുള്ള പരാമർശമാണ് മോഹൻദാസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ നടത്തിയത്. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടശേഷം വെടിവെക്കുമെന്നും നിരവധി പേർക്ക് പരിക്കേൽക്കുകയും ചിലർ മരിക്കുകയും ചെയ്യുമെന്നുമായിരുന്നു വീഡിയോയിലെ പരാമർശം.
ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതികൾക്കെതിരെയും മോഹൻദാസ് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരുന്നു. പ്രതിഷേധിക്കുന്ന സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്ന തരത്തിലുള്ള പരാമർശമാണ് മറ്റൊരു വീഡിയോയിൽ നടത്തിയത്.
വിവാദ പരാമർശങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടും മോഹൻദാസിനെതിരെ തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോൾ പൊലീസ് വീട്ടിലെത്തി തെളിവുകൾ ശേഖരിക്കുന്നതും ചോദ്യം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.