മുംബൈ: കഴിഞ്ഞ ആഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ കനത്ത ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 600-ലധികം പോയിന്റ് താഴ്ന്ന് 83,500 എന്ന നിര്‍ണ്ണായക നിലവാരത്തിന് താഴെയെത്തി. നിഫ്റ്റി 25,750 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ് വ്യാപാരം തുടരുന്നത്.
നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതും ആഗോള വിപണികളിലെ നഷ്ടവുമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബാങ്ക് ഓഹരികളിലാണ് വില്‍പ്പന സമ്മര്‍ദ്ദം ഏറ്റവുമധികം അനുഭവപ്പെടുന്നത്. ബാങ്ക് നിഫ്റ്റി 65,000 എന്ന റെക്കോര്‍ഡ് ഉയരം കുറിച്ച ശേഷമാണ് തിരിച്ചിറങ്ങിയത്.
ഓഹരികളില്‍ ഐടി മേഖലയ്ക്ക് നേട്ടമുണ്ടാക്കാനായി. ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക് എന്നിവ നേട്ടത്തില്‍ വ്യാപാരം നടത്തുമ്പോള്‍ ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ എന്നീ ഓഹരികള്‍ കനത്ത നഷ്ടം നേരിടുകയാണ്.
അതേസമയം, അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 23 പൈസയുടെ നഷ്ടത്തോടെ 92.85 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. ഓഹരി വിപണിയിലെ തകര്‍ച്ചയും ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ വെള്ളിയാഴ്ച 70 പൈസയുടെ നേട്ടത്തോടെയായിരുന്നു രൂപ വിനിമയം അവസാനിപ്പിച്ചിരുന്നത്.
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 600-ലധികം പോയിന്റ് താഴ്ന്നു, രൂപയുടെ മൂല്യത്തിലും ഇടിവ്