വെല്ലിംഗ്ടണ്‍: ബേസിന്‍ റിസര്‍വ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ സമനിലയില്‍ അവസാനിച്ചു. ഇന്ത്യ ഉയര്‍ത്തിയ 352 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡിന് മുന്നില്‍ പതറാതെ പിടിച്ചുനിന്ന ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്ത് മത്സരം സമനിലയിലാക്കുകയായിരുന്നു. അഞ്ചാം ദിനം അവസാന മണിക്കൂറിലെ 15 ഓവറുകള്‍ ബാക്കിനില്‍ക്കെ ഇരു ക്യാപ്റ്റന്മാരും ഹസ്തദാനം ചെയ്ത് മത്സരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കിവീസിന്റെ ചെറുത്തുനില്‍പ്പ്രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ടോം ലാതമിനെ (0) ജസ്പ്രീത് ബുംറയുടെ പന്തില്‍ നഷ്ടമായെങ്കിലും ഡെവോണ്‍ കോണ്‍വെയും (65), രചിന്‍ രവീന്ദ്രയും (37) ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. അഞ്ചാം ദിനം ലഞ്ചിന് ശേഷവും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ വിജയപ്രതീക്ഷ സജീവമാക്കിയെങ്കിലും, ആറാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും ഇന്ത്യന്‍ ബൗളര്‍മാരെ നിരാശപ്പെടുത്തി പ്രതിരോധക്കോട്ട കെട്ടി.
186 പന്തുകള്‍ നേരിട്ട് 49 റണ്‍സെടുത്ത ഡാരില്‍ മിച്ചലും, 126 പന്തില്‍ 26 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സും പുറത്താകാതെ നിന്ന് ന്യൂസിലന്‍ഡിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും ജസ്പ്രീത് ബുംറ, അന്‍ഷുല്‍ കംബോജ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഹെന്റി നിക്കോള്‍സിന്റെ (175*) അപരാജിത സെഞ്ച്വറിയുടെയും ഗ്ലെന്‍ ഫിലിപ്‌സിന്റെ (118) സെഞ്ച്വറിയുടെയും മികവില്‍ ഒന്നാം ഇന്നിംഗ്സില്‍ 368 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ന്യൂസിലന്‍ഡ് മണ്ണില്‍ ഒരു ടെസ്റ്റ് ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും, വിദേശ മണ്ണില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ ടെസ്റ്റ് ടോട്ടലുമാണിത്.
കെ.എല്‍. രാഹുല്‍ (136), ഋഷഭ് പന്ത് (128) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായത്. ഇതോടെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ (ടഋചഅ) എന്നീ നാല് രാജ്യങ്ങളിലും ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറായും ആറാമത്തെ ഇന്ത്യന്‍ താരമായും ഋഷഭ് പന്ത് റെക്കോര്‍ഡിട്ടു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (98) രണ്ട് റണ്‍സകലെ സെഞ്ച്വറി നഷ്ടപ്പെടുത്തിയപ്പോള്‍ യശസ്വി ജയ്സ്വാള്‍ (85), ദേവ്ദത്ത് പടിക്കല്‍ (80), ധ്രുവ് ജുറേല്‍ (78) എന്നിവരും അര്‍ധസെഞ്ച്വറികളുമായി തിളങ്ങി.
മത്സരം സമനിലയായതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും 0-0 എന്ന നിലയില്‍ തുടരുന്നു.