കോഴിക്കോട്: നാദാപുരം വരിക്കോളിയില്‍ വിവാഹച്ചടങ്ങിനിടെ പടക്കം പൊട്ടിച്ചതിനെയും ബാന്‍ഡ് മേളത്തെയും ചൊല്ലി വരന്റെ സുഹൃത്തുക്കളും നാട്ടുകാരും തമ്മില്‍ കൂട്ടത്തല്ല്. ഇന്നലെ വൈകീട്ട് വധുവിന്റെ വീടിന് സമീപത്തുവെച്ചായിരുന്നു സംഘര്‍ഷം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
വധുവിന്റെ വീട്ടിലേക്ക് വരനൊപ്പമെത്തിയ സുഹൃത്തുക്കളും ബന്ധുക്കളും ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. വിവാഹവീടിന് തൊട്ടടുത്ത് മരണം നടന്ന വീടുള്ളതിനാല്‍ പടക്കം പൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് മഹല്ല് കമ്മിറ്റിയും നാട്ടുകാരും വരന്റെ വീട്ടുകാരോട് നേരത്തെ തന്നെ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം അവഗണിച്ച് സംഘം പടക്കം പൊട്ടിക്കുകയും തുടര്‍ന്ന് ബാന്‍ഡ് മേളം നടത്തുകയും ചെയ്തു.
ഇതോടെ നാട്ടുകാര്‍ ഇടപെട്ട് ബാന്‍ഡ് മേളം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും വരന്റെ സുഹൃത്തുക്കള്‍ വഴങ്ങിയില്ല. ഇത് രൂക്ഷമായ വാക്കേറ്റത്തിലേക്കും പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള കൂട്ടത്തല്ലിലേക്കും നീങ്ങുകയായിരുന്നു. ഒടുവില്‍ പൊലീസും വരന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഭാരവാഹികളും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്. തുടര്‍ന്നാണ് വരന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വധുവിന്റെ വീട്ടിലേക്ക് പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസവും നാദാപുരത്തിന് സമീപം ആയഞ്ചേരിയിലെ ഒരു വിവാഹവീട്ടില്‍ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് സമാനമായ രീതിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ വധുവിന്റെ അമ്മയ്ക്കടക്കം പരിക്കേറ്റിരുന്നു.
വരനൊപ്പം പടക്കവുമായി എത്തിയ സുഹൃത്തുക്കളെ തടഞ്ഞു; നാദാപുരത്ത് വിവാഹവീട്ടില്‍ കൂട്ടത്തല്ല്