കോഴിക്കോട്: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വെച്ച് ഗൂഢാലോചന നടന്നതായി മൊഴി നല്‍കിയ സാക്ഷികളെ പി. ജയരാജനും ടി.വി. രാജേഷും നിരന്തരം വേട്ടയാടുകയായിരുന്നെന്ന് മന്ത്രി കെ.എം. ഷാജി. ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചാണ് സാക്ഷികളെ നാടുവിടാന്‍ നിര്‍ബന്ധിതരാക്കിയതെന്നും ഗുണ്ടാരാഷ്ട്രീയത്തിലൂടെ മൊഴികള്‍ മാറ്റിച്ചതായും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ചിലര്‍ ധൈര്യത്തോടെ സാക്ഷിപറയാന്‍ മുന്നോട്ടുവന്നതുകൊണ്ടാണ് പ്രതികളില്‍ പലരെയും ശിക്ഷിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയരാജന്റെ വാഹനം ആക്രമിക്കപ്പെട്ടെന്ന ആരോപണം നേരത്തെ തന്നെ കോടതി തള്ളിയതാണെന്ന് ഷാജി ചൂണ്ടിക്കാട്ടി. ഷുക്കൂര്‍ വധക്കേസില്‍ തുടക്കം മുതല്‍ തന്നെ ജയരാജന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിലെ മറ്റു പല രാഷ്ട്രീയ കൊലപാതകക്കേസുകളിലെയും പോലെ കേസ് പൂര്‍ണ്ണമായി തകര്‍ന്നുപോയില്ലെങ്കിലും, സാക്ഷികള്‍ തിരിച്ചറിഞ്ഞ ചില പ്രതികള്‍ കുറ്റവിമുക്തരായത് ഗൗരവത്തോടെയാണ് കാണുന്നത്. വിധിപ്പകര്‍പ്പ് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കിയത് തന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് ഷാജി പറഞ്ഞു. മാധ്യമങ്ങളിലൂടെ താന്‍ കടുത്ത വേട്ടയാടലിന് ഇരയായിട്ടുണ്ടെന്നും കേസില്‍ തനിക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.ഡി. അന്വേഷണത്തില്‍ നിന്നും താന്‍ കുറ്റവിമുക്തനായെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ ചില ഉദ്യോഗസ്ഥര്‍ തന്നെ വേട്ടയാടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഷുക്കൂര്‍ വധക്കേസില്‍ തുടക്കം മുതല്‍ ജയരാജന് പങ്ക്: സാക്ഷികളെ വേട്ടയാടി മൊഴി മാറ്റിച്ചു: കെ.എം. ഷാജി