രാജസ്ഥാനിൽ ബിജെപിയുടെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഗ്രാമീണ മേഖലയിൽ കോൺഗ്രസിന്റെ തകർപ്പൻ മുന്നേറ്റം. പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ 3,700-ലധികം സീറ്റുകൾ നേടി കോൺഗ്രസ് ആധിപത്യം ഉറപ്പിച്ചപ്പോൾ, ഭരണകക്ഷിയായ ബിജെപി 2,200-ൽ താഴെ സീറ്റുകളിലേക്ക് ഒതുങ്ങി. 289 പഞ്ചായത്ത് സമിതികളിൽ കോൺഗ്രസ് ഭരണസമിതികൾ രൂപീകരിക്കുമ്പോൾ 85 ഇടങ്ങളിൽ മാത്രമാണ് ബിജെപിക്ക് മുന്നിലെത്താനായത്. തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ ഗ്രാമീണ ജനതയ്ക്കിടയിലുള്ള ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായാണ് ഈ ജനവിധി വിലയിരുത്തപ്പെടുന്നത്.
കേവലം ഒരു തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം, നഗരസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ കൃത്യമായ സംഘടനാ ഇടപെടലുകളുടെ ഫലം കൂടിയാണിത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേരിട്ട് ഇടപെട്ട് സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചതോടെയാണ് മാറ്റങ്ങൾക്ക് തുടക്കമായത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലായിരുന്നു ഈ നിർണ്ണായക സംഘടനാ ദൗത്യത്തിന് ചുക്കാൻ പിടിച്ചത്.
ഹൈക്കമാൻഡ് നിർദ്ദേശങ്ങൾ താഴെത്തട്ടിൽ നടപ്പാക്കുന്നതിനൊപ്പം സംസ്ഥാന നേതാക്കൾക്കിടയിൽ ഐക്യവും ഏകോപനവും ഉറപ്പാക്കുന്നതിലും കെ.സി. വേണുഗോപാൽ നിർണ്ണായക പങ്കുവഹിച്ചു. നഗരസഭാ ഫലത്തിന് പിന്നാലെ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോട്ടാസ്ര, എഐസിസി ചുമതലയുള്ള സുഖ്ജീന്ദർ സിംഗ് രൺധാവ തുടങ്ങിയവരുമായി അവലോകന യോഗങ്ങൾ ചേർന്ന് സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ചു. നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചും നേരിട്ട് രാജസ്ഥാനിലെത്തി ഡിസിസി അധ്യക്ഷന്മാരുമായും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തിയും അദ്ദേഹം താഴെത്തട്ടിലെ പ്രശ്നങ്ങൾ മനസ്സിലാക്കി. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുണ്ടായിരുന്ന ഭിന്നതകൾ പരിഹരിച്ച് ഇരുവരെയും ഒന്നിച്ച് അണിനിരത്താൻ സാധിച്ചത് പാർട്ടി പ്രവർത്തകരിൽ വലിയ ആത്മവിശ്വാസമുണ്ടാക്കി.
സ്ഥാനാർത്ഥി നിർണ്ണയം മുതൽ പ്രചാരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ദേശീയ നേതൃത്വത്തിന്റെ കൃത്യമായ നിരീക്ഷണമുണ്ടായിരുന്നു. പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തി സ്ഥാനാർത്ഥി നിർണ്ണയത്തിലെ തർക്കങ്ങൾ പരിഹരിക്കാനും പരാതികളിൽ സമയബന്ധിതമായി ഇടപെടാനും സാധിച്ചു. പ്രത്യേക യോഗങ്ങളിലൂടെ പ്രവർത്തന പുരോഗതി നിരന്തരം വിലയിരുത്തിയതും അവസാന നിമിഷം വരെയുള്ള ഏകോപനവും തെരഞ്ഞെടുപ്പ് വിജയത്തിന് കരുത്തേകി.
മുമ്പ് രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നതിനാൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സംഘടനാ സംവിധാനത്തെക്കുറിച്ചുമുള്ള വ്യക്തമായ ധാരണ കെ.സി. വേണുഗോപാലിന് തുണയായി. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിലിരിക്കെ ഗ്രാമീണ രാജസ്ഥാനിൽ കോൺഗ്രസ് നേടിയ ഈ വിജയം ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചയാവുകയാണ്. ഭരണവിരുദ്ധ വികാരത്തെ സംഘടനാ കരുത്താക്കി മാറ്റിയാൽ ശക്തമായ തിരിച്ചുവരവ് സാധ്യമാണെന്ന സന്ദേശമാണ് ഈ ഫലം നൽകുന്നത്.
ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നിശ്ചയദാർഢ്യവും കെ.സി. വേണുഗോപാലിന്റെ സംഘടനാ മികവും സംസ്ഥാന നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും കൂട്ടായ അധ്വാനവും ഒത്തുചേർന്നപ്പോൾ ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിക്കാൻ കോൺഗ്രസിനായി. കെ.സി. വേണുഗോപാൽ വിശേഷിപ്പിച്ചതുപോലെ, രാജസ്ഥാനിൽ വീശിയത് അക്ഷരാർത്ഥത്തിൽ ഒരു 'കോൺഗ്രസ് തരംഗം' തന്നെയാണ്.