പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി. ധനരാജ് വധക്കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികളുടെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രാമന്തളി മൊട്ടക്കുന്നിലെ ടി.പി. ബിജു (34), കക്കംപാറയിലെ എം. വിപിന്‍ (34), എം. വൈശാഖ് (31) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസില്‍ 4 മുതല്‍ 20 വരെയുള്ള 16 പ്രതികളെ വെറുതെ വിട്ടു. ഒന്നാം സാക്ഷിയായ സി.പി.എം പ്രവര്‍ത്തകന്റെ മൊഴി വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായി. പ്രതികള്‍ക്കുള്ള ശിക്ഷ മറ്റന്നാള്‍ വിധിക്കും.
ഗൂഢാലോചനയും കൊലപാതക കാരണവും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് 16 പേരെ കോടതി കുറ്റവിമുക്തരാക്കിയത്. ചിറ്റടിയിലെ സി. സുകേഷ് (31), കക്കംപാറയിലെ കെ.വി. പ്രജിത്ത് ലാല്‍ (31), കെ. അനൂപ് (31), പണ്ടാരവളപ്പില്‍ രാജേഷ് (39), കാങ്കോല്‍ ആലക്കാട്ടെ കെ.എം. ബിജു (44), പയ്യന്നൂര്‍ കാരയിലെ പി. രാജേഷ് കുമാര്‍ (53), രാമന്തളി കക്കംപാറയിലെ കെ. മനൂപ് (32), മൊട്ടക്കുന്നിലെ സി. ഷൈജു (31), കക്കംപാറയിലെ കെ. ധനേഷ് (39), മൊട്ടക്കുന്നിലെ പി.പി. രാജീവന്‍ (34), കക്കംപാറയിലെ കെ. മധു (42), തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ എസ്.ആര്‍. അജീഷ് എന്ന കണ്ണന്‍ (38), ചെറുവത്തൂര്‍ കുട്ടമത്തെ തമ്പാന്‍ മണിയേരി (58), പയ്യന്നൂര്‍ കാരയിലെ രമേശന്‍ കാര (50), കാങ്കോല്‍ വടശ്ശേരിയിലെ എ.പി. നിജേഷ് എന്ന കുട്ടന്‍ (38), മൊട്ടക്കുന്നിലെ മാട്ടൂക്കാരന്‍ ലിജിന്‍ (31) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
2016 ജൂലൈ 11-ന് രാത്രി പത്ത് മണിയോടെയാണ് ധനരാജിനെ ഒരു സംഘം വീടിന് മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. അന്നത്തെ പയ്യന്നൂര്‍ സി.ഐ ആയിരുന്ന വി. രമേശന്‍ പ്രാഥമിക അന്വേഷണം നടത്തിയ കേസില്‍, തുടര്‍ന്ന് ചുമതലയേറ്റ സി.ഐ എം.പി. ആസാദാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. 2025 സെപ്റ്റംബര്‍ 25-ന് വിചാരണ ആരംഭിച്ച കേസില്‍ 43 സാക്ഷികളെ വിസ്തരിക്കുകയും, 177 രേഖകളും 33 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
അതേസമയം, ധനരാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടന്നതായി വി. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്ന് ഈ കേസ് വീണ്ടും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് പാര്‍ട്ടി വിട്ട വി. കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ സി.പി.എമ്മിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.