തിരുവനന്തപുരം: ബിജെപി പ്രവേശനം വികാരപരമായ നിമിഷത്തിലെടുത്ത തെറ്റായ തീരുമാനമായിരുന്നുവെന്നും, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമാപണം നടത്തുന്നുവെന്നും പത്മജ വേണുഗോപാല്‍. ഏതെങ്കിലും പദവികള്‍ മോഹിച്ചല്ല, മറിച്ച് ഒരു കോണ്‍ഗ്രസുകാരിയായി തുടരണമെന്ന ആഗ്രഹത്തോടെയാണ് താന്‍ മടങ്ങിവരവിന് തയ്യാറെടുത്തതെന്നും അവര്‍ വ്യക്തമാക്കി.
അന്നെടുത്ത തീരുമാനം അച്ഛനെയും തന്നെയും സ്‌നേഹിച്ച നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്ന തിരിച്ചറിവാണ് തിരിച്ചുവരവിന് പ്രേരിപ്പിച്ചത്. പല ഭാഗങ്ങളില്‍ നിന്നുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. രാജിവെച്ച വേളയില്‍ താന്‍ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
അടുത്ത മാസം നടക്കുന്ന അച്ഛന്റെ ചരമവാര്‍ഷിക വേളയില്‍ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം സ്മൃതികുടീരത്തില്‍ ആദരവ് അര്‍പ്പിക്കുക എന്നത് മാത്രമാണ് നിലവില്‍ തന്റെ മുന്നിലുള്ള ലക്ഷ്യമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
ബിജെപി പ്രവേശനം വികാരപരമായ നിമിഷത്തിലെടുത്ത തെറ്റായ തീരുമാനം: പത്മജ വേണുഗോപാൽ