ഇംഫാൽ: മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ വ്യാജ വിഷമദ്യം കഴിച്ച് 17 പേർ മരിച്ചതായി സ്ഥിരീകരിച്ചു. തലസ്ഥാനമായ ഇംഫാലിൽ നിന്ന് ഏകദേശം 75 കിലോമീറ്റർ അകലെയുള്ള ചക്പികരോങ് മേഖലയിലാണ് ദാരുണ സംഭവം ഉണ്ടായത്. കഴിഞ്ഞ 48 മണിക്കൂറിനിടെയുണ്ടായ ദുരന്തത്തിൽ ഗുരുതരാവസ്ഥയിലായ 200ഓളം പേരെ ഇംഫാലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രികൾ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് മരണസംഖ്യയും ചികിത്സയിലുള്ളവരുടെ നിലയും ഔദ്യോഗികമായി അറിയിച്ചത്.
ലാംഫെൽപാട്ടിലെ ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ് രോഗികളിൽ ഏറെയും ചികിത്സയിലുള്ളത്. ചക്പികരോങ് ഭാഗത്ത് നിന്ന് വിഷമദ്യം കഴിച്ച് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു. മുൻകരുതലെന്ന നിലയിൽ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗികൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആശുപത്രി അധികൃതർക്ക് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. ജനറൽ മെഡിസിൻ വിഭാഗത്തിലെ വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘത്തെയും മരുന്നുകളും ചന്ദേലിലേക്ക് അയച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മുഖ്യമന്ത്രി, ചികിത്സയിലുള്ളവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. അതേസമയം, ദുരന്തത്തിനിരയായവർ കഴിച്ച മദ്യം ചന്ദേൽ ജില്ലയിൽ നിർമ്മിച്ചതല്ലെന്നും സമീപത്തെ കാക്ചിംഗ് ജില്ലയിലെ സുഗ്നുവിൽ നിന്നാണ് എത്തിച്ചതെന്നുമാണ് ചന്ദേൽ പൊലീസ് സൂപ്രണ്ടിന്റെ വിശദീകരണം. ചന്ദേൽ ജില്ലയിൽ അനധികൃത മദ്യനിർമ്മാണം നടക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
മണിപ്പൂരിൽ വ്യാജ വിഷമദ്യ ദുരന്തം: ചന്ദേലിൽ 17 മരണം; 200ഓളം പേർ ചികിത്സയിൽ