കൊച്ചി: പൊതുനിരത്തുകൾ വാഹന അഭ്യാസപ്രകടനങ്ങൾക്കും മത്സരയോട്ടത്തിനുമുള്ള വേദിയല്ലെന്ന് യുവതലമുറയോട് നടൻ മമ്മൂട്ടി. റോഡുകളിലെ ഇത്തരം സാഹസിക പ്രകടനങ്ങൾ സ്വന്തം ജീവന് മാത്രമല്ല, മറ്റ് യാത്രക്കാർക്കും വലിയ അപകടമുണ്ടാക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ റോഡ് സുരക്ഷാ പദ്ധതിയായ 'ജീവ സുയാത്ര മിഷന്റെ' സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് മമ്മൂട്ടി.
പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി തന്നെ തിരഞ്ഞെടുത്തുവെന്ന് അറിഞ്ഞപ്പോൾ ആദ്യം പേടിയാണ് തോന്നിയതെന്ന് മമ്മൂട്ടി തമാശരൂപേണ പറഞ്ഞു. "എന്റെ ഡ്രൈവിങ്ങിന് അത്ര നല്ല പേരല്ല ഉള്ളത്. വേഗതയും ആവേശവും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. എന്നാൽ, വേഗതയ്‌ക്കൊപ്പം ജാഗ്രതയും ഏകാഗ്രതയും കൃത്യമായ ശ്രദ്ധയും അനിവാര്യമാണ്. കൈയിൽ കരുത്തുള്ള വാഹനം ഇരിക്കുമ്പോൾ ഉത്തരവാദിത്തബോധം കൂടി ഉണ്ടായാൽ വലിയ അപകടങ്ങൾ ഒഴിവാക്കാം. എങ്കിലും വാഹനങ്ങളുടെ എണ്ണവും തിരക്കും ക്രമാതീതമായി വർദ്ധിച്ചതിനാൽ അടുത്ത കാലത്തായി ഞാൻ ഡ്രൈവിങ് ഒഴിവാക്കിയിരിക്കുകയാണ്. റോഡുകൾ എത്ര വികസിപ്പിച്ചാലും വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അപകടങ്ങളും വർദ്ധിക്കുകയാണ്," അദ്ദേഹം വ്യക്തമാക്കി.
99 ശതമാനം റോഡ് അപകടങ്ങൾക്കും പിന്നിൽ മനുഷ്യന്റെ അശ്രദ്ധയാണെന്നും യന്ത്രത്തകരാറുകൾ വെറും ഒരു ശതമാനം മാത്രമാണെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. സ്വന്തം സുരക്ഷ മറ്റുള്ളവരുടെ കൈകളിലാണെന്ന ചിന്തയോടെയാവരുത് റോഡിലിറങ്ങേണ്ടത്. സ്വന്തം വീടിനുള്ളിലൂടെ നടക്കുന്നതുപോലെയാണ് പലരും ഇപ്പോൾ തിരക്കേറിയ റോഡുകളിലൂടെ നടക്കുന്നത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടല്ലാതെ റോഡിലൂടെ നടക്കുന്നവരെ കാണാൻ തന്നെ പ്രയാസമാണ്. വീട്ടിലിരുന്ന് സംസാരിക്കാൻ കഴിയാത്തതുകൊണ്ട് റോഡിലിറങ്ങി ഫോൺ വിളിക്കുന്നത് പോലെയാണ് പലരുടെയും പെരുമാറ്റമെന്നും അദ്ദേഹം വിമർശിച്ചു.
വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന യുവാക്കൾ അതിനായി സജ്ജീകരിച്ചിട്ടുള്ള റേസ് ട്രാക്കുകളെയാണ് ആശ്രയിക്കേണ്ടതെന്ന് മമ്മൂട്ടി നിർദ്ദേശിച്ചു. പൊതുനിരത്തുകൾ ഒരിക്കലും ഓട്ടമത്സരത്തിനുള്ള ഇടമല്ല. റോഡിലെ അഭ്യാസങ്ങൾ നിങ്ങൾക്കും മറ്റുള്ളവർക്കും ഒരുപോലെ ഭീഷണിയാണ്. "റോഡുകൾ സുരക്ഷിതമായി യാത്ര ചെയ്യാനുള്ളതാണ്, അല്ലാതെ റേസിങ്ങിനുള്ളതല്ല" എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ ഉപസംഹരിച്ചത്.
'റോഡുകൾ യാത്ര ചെയ്യാനുള്ളതാണ്, അഭ്യാസപ്രകടനത്തിനുള്ളതല്ല'; പുതുതലമുറയോട് മമ്മൂട്ടി