മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടകയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഖര്‍ഗെയ്ക്ക് പാര്‍ലമെന്റ് ഹൗസിലെ ചേംബറില്‍ വെച്ച് രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കൈയില്‍ ഭരണഘടനയുടെ പകര്‍പ്പ് പിടിച്ചുകൊണ്ട് ഹിന്ദിയിലായിരുന്നു ഖര്‍ഗെയുടെ സത്യപ്രതിജ്ഞ.
ഖര്‍ഗെയുടെ ദീര്‍ഘകാല പാര്‍ലമെന്ററി പരിചയം രാജ്യസഭയ്ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ആശംസിച്ചു. ജനങ്ങളുടെ ആശങ്കകളും ശബ്ദവും പൂര്‍ണ്ണമായ ആത്മാര്‍ത്ഥതയോടെയും ദൃഢനിശ്ചയത്തോടെയും പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നത് തുടരുമെന്നും, സര്‍ക്കാരിനെ ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ഖര്‍ഗെ പ്രതികരിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി തുടര്‍ന്നും സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞത് വലിയ പെരുമയും ഉത്തരവാദിത്തവുമായി കാണുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. പിന്തുണ നല്‍കിയ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. വരുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ശക്തമായ ഏകോപനത്തോടെ പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം പി എന്നിവരും കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, കിരണ്‍ റിജിജു, അര്‍ജുന്‍ റാം മേഘ്വാള്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് തുടങ്ങിയവരും പങ്കെടുത്തു. ഖാര്‍ഗെയ്ക്ക് പുറമെ ബി.ജെ.പി നേതാവ് തരുണ്‍ ചുഗ് ഉള്‍പ്പെടെ മറ്റ് ഏഴ് പുതിയ അംഗങ്ങളും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.