ഭാഗ്യരാജിന്റെ സംഭാവനകൾ കാലാതിവർത്തി; ഇന്ത്യൻ സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്
തിരുവനന്തപുരം: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ കെ. ഭാഗ്യരാജിന്റെ വിയോഗം ഇന്ത്യൻ ചലച്ചിത്രലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് ടൂറിസം-സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അനുശോചനക്കുറിപ്പിൽ പറഞ്ഞു. ജനപ്രിയതയും കലാമൂല്യവും ഒരേപോലെ സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ സിനിമകൾ കാലാതിവർത്തിയായ സൃഷ്ടികളായി എന്നും നിലനിൽക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹസംവിധായകനായി സിനിമാജീവിതം ആരംഭിച്ച ഭാഗ്യരാജ്, പിൽക്കാലത്ത് തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയനായ തിരക്കഥാകൃത്തായും മികച്ച സംവിധായകനായും വളരുകയായിരുന്നു. ജീവിതഗന്ധിയായ കഥകളും സൂക്ഷ്മമായ മനുഷ്യവികാരങ്ങളും കുടുംബബന്ധങ്ങളുടെ സങ്കീർണ്ണതകളും ഒപ്പം സാമൂഹിക യാഥാർത്ഥ്യങ്ങളും അസാധാരണമായ ആഖ്യാനമികവോടെ വെള്ളിത്തിരയിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തമിഴ് സിനിമയുടെ കഥപറച്ചിൽ രീതിക്ക് പുതിയ മാനങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന്റെ തിരക്കഥാ ശൈലി, ഇന്ത്യൻ സിനിമയിലെ പുതിയ തലമുറയിലെ സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കും എന്നും ഒരു വലിയ പ്രചോദനവും പഠനവിഷയവുമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ കലാജീവിതം തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരേടാണ്. 'മുന്താനൈ മുടിച്ചു', 'ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്', 'ചിന്ന വീട്', 'സുന്ദര കാണ്ഡം' തുടങ്ങി അദ്ദേഹം സമ്മാനിച്ച നിരവധി ചിത്രങ്ങൾ കലാമികവും ജനപ്രീതിയും ഒരുപോലെ നേടിയവയാണ്. ചലച്ചിത്ര മേഖലയ്ക്ക് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ രാജ്യം എപ്പോഴും ആദരവോടെ സ്മരിക്കുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് തന്റെ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.