അയോധ്യ സംഭാവന തട്ടിപ്പ്: രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് രാജിവച്ചു; രണ്ടുപേർ അറസ്റ്റിൽ
അയോധ്യ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകളിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന പരാതിക്ക് പിന്നാലെ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് രാജിവച്ചു. ട്രസ്റ്റിലെ മറ്റൊരു പ്രധാന അംഗമായ അനിൽ മിശ്രയും ചമ്പത് റായിക്കൊപ്പം രാജി സമർപ്പിച്ചിട്ടുണ്ട്. രാമക്ഷേത്ര പ്രക്ഷോഭങ്ങളുടെ മുൻനിര നേതാവും വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമായ ചമ്പത് റായിയുടെ രാജി വലിയ രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടാക്കുന്നത്. ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണത്തിൽ തട്ടിപ്പ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് എട്ട് പേരെ പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും പ്രമുഖരുടെ രാജിയിലേക്ക് കാര്യങ്ങൾ നയിച്ചതും.
ക്ഷേത്ര ഭണ്ഡാരത്തിലെ പണം എണ്ണാൻ ചുമതലയുണ്ടായിരുന്ന ജീവനക്കാരായ ലവ്കുശ് മിശ്ര, അനുകൽപ് എന്നിവരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. പണം എണ്ണുന്നതിനിടെ ഇവർ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിരുന്നു. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ ചമ്പത് റായിയുടെ വിശ്വസ്തനും ഡ്രൈവറുമായ ടിന്നു യാദവ്, ക്ഷേത്ര ജീവനക്കാരായ അവിനാഷ് ശുക്ല, ടിന്നുവിന്റെ അനന്തരവനായ മനീഷ് യാദവ് എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
2024 ജനുവരി 22-ലെ രാംലല്ല പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്രവുമായി ബന്ധപ്പെട്ട ചില ജീവനക്കാരുടെയും ചമ്പത് റായിയുടെ അടുത്ത അനുയായികളുടെയും സാമ്പത്തിക സ്ഥിതിയിൽ അവിശ്വസനീയമായ വളർച്ചയുണ്ടായതാണ് വലിയ സംശയങ്ങൾക്ക് കാരണമായത്. പ്രതികളിൽ പലരും ചുരുങ്ങിയ കാലം കൊണ്ട് കോടീശ്വരന്മാരായി മാറിയതായി എസ്.ഐ.ടി കണ്ടെത്തി. ക്ഷേത്രത്തിൽ ഏറെ നാളായി ഈ തട്ടിപ്പ് നടക്കുന്നുണ്ടായിരുന്നെന്നും ഉന്നതരുടെ സ്വാധീനം ഭയന്നാണ് പലരും ഇത് പുറത്തുപറയാതിരുന്നതെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. ട്രസ്റ്റ് അംഗമായ കൃഷ്ണ മോഹൻ നൽകിയ പരാതിയിലാണ് എസ്.ഐ.ടി അന്വേഷണം നടത്തിയത്. നേരത്തെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ജൂൺ 6-ന് ഈ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് ബി.ജെ.പി നേതാക്കളും വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര അധ്യക്ഷൻ അലോക് കുമാറും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.