'എക്വഡോർ വാഴട്ടെ'; ജർമനിക്കെതിരായ സ്വപ്ന ജയത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അവധി പ്രഖ്യാപിച്ച് പ്രസിഡന്റ്
ഫിഫ ലോകകപ്പിൽ 20 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് എക്വഡോർ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി ചരിത്രം കുറിച്ചു. വെള്ളിയാഴ്ച നടന്ന നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചാണ് എക്വഡോർ ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്താകലിന്റെ നിഴലിലായിരുന്ന എക്വഡോറിന് ഈ മത്സരം ജീവൻമരണ പോരാട്ടമായിരുന്നു. ചരിത്ര വിജയത്തിന് പിന്നാലെ എക്വഡോറിൽ ദേശീയ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡാനിയൽ നൊബോവ. 'നാളെ അവധിയായിരിക്കും, എക്വഡോർ വാഴട്ടെ' എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. കടുത്ത വിമർശനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് രാജ്യത്തിന് ഈ വലിയ നേട്ടം സമ്മാനിച്ച കളിക്കാരെയും കോച്ചിനെയും പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.
നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിറങ്ങിയ ജർമനി കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ലെറോയ് സാനെയിലൂടെ ലീഡ് നേടി എക്വഡോറിനെ ഞെട്ടിച്ചിരുന്നു. മുൻ മത്സരങ്ങളിൽ ഒരൊറ്റ ഗോൾ പോലും നേടാനാകാതിരുന്ന എക്വഡോറിന് ജയം മാത്രമായിരുന്നു മുന്നോട്ടുള്ള ഏക വഴി. എന്നാൽ തളരാതെ പോരാടിയ അവർ ഒൻപത് മിനിറ്റുകൾക്കകം മത്സരത്തിലേക്ക് തിരിച്ചെത്തി. നിൽസൺ അംഗുലോ ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായ ഒരു ഷോട്ടിലൂടെ എക്വഡോറിന് സമനില സമ്മാനിച്ചു. ഈ ലോകകപ്പിൽ എക്വഡോർ നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ കെവിൻ റോഡ്രിഗസാണ് കളിയുടെ ഗതി മാറ്റിയത്. 77-ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് റോഡ്രിഗസ് ബോക്‌സിനുള്ളിലേക്ക് തിരിച്ചുവിടുകയും, അവിടെയുണ്ടായിരുന്ന ഗോൺസാലോ പ്ലാറ്റ പന്ത് ജർമൻ വലയിലാക്കുകയും ചെയ്തു. ഈ നിർണായക ഗോളോടെ ജർമനിയെ 2-1 ന് തകർത്ത് എക്വഡോർ പ്രീക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.