ഹൈക്കോടതി വിധി വന്ന് 39 വര്‍ഷങ്ങള്‍ക്ക് ശേഷം നടപടി; ചിന്നക്കനാലില്‍ ഹാരിസണ്‍ കമ്പനിയില്‍ നിന്ന് നൂറേക്കറോളം ഭൂമി തിരിച്ചുപിടിച്ച് വനംവകുപ്പ്
തൊടുപുഴ: മൂന്നാര്‍ ചിന്നക്കനാലില്‍ സ്വകാര്യ കമ്പനി കൈവശം വെച്ചിരുന്ന കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി വനംവകുപ്പ് തിരിച്ചുപിടിച്ചു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതും വന്യമൃഗങ്ങളുടെ പ്രധാന ആവാസകേന്ദ്രവുമായ 42.72 ഹെക്ടര്‍ (നൂറിലധികം ഏക്കര്‍) ഭൂമിയാണ് ഹൈക്കോടതി വിധി വന്ന് 39 വര്‍ഷങ്ങള്‍ക്ക് ശേഷം വനംവകുപ്പ് ഔദ്യോഗികമായി ഏറ്റെടുത്തത്. ഹാരിസണ്‍ മലയാളം ലിമിറ്റഡ് (HML) കമ്പനിയുടെ പക്കല്‍ നിന്നാണ് ഈ വനഭൂമി തിരിച്ചുപിടിച്ചത്. വനംവകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂമി തിരിച്ചുപിടിക്കലുകളില്‍ ഒന്നാണിത്.
1971-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പ്രകാരം 1975-ല്‍ എച്ച്.എം.എല്‍ കമ്പനിയില്‍ നിന്ന് വനംവകുപ്പ് 210.89 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിനെതിരെയുള്ള കമ്പനിയുടെ ഹര്‍ജിയില്‍ 1987-ലാണ് ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നത്. 168.72 ഹെക്ടര്‍ ഭൂമി കമ്പനിക്ക് തിരികെ നല്‍കാനും, അവശേഷിക്കുന്ന 42.72 ഹെക്ടര്‍ സര്‍ക്കാരിന് നിലനിര്‍ത്താനും കോടതി ഉത്തരവിട്ടു.
എന്നാല്‍, 1987-ല്‍ വിധി വന്നിട്ടും 2001-ല്‍ ഈ ഭൂമി റിസര്‍വ് വനമായി വിജ്ഞാപനം ചെയ്തിട്ടും ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥ മൂലം ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ പ്രധാന സഞ്ചാരപഥമായ ഈ ചോലവനങ്ങളും പുല്‍മേടുകളും നിറഞ്ഞ ഭൂമിയില്‍, കൊളുക്കുമലയ്ക്ക് സമീപം കമ്പനി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കി സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ലക്ഷ്വറി ടെന്റ് ക്യാമ്പ് നടത്തിവരികയായിരുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത് കോടികളാണ് ഇവിടെ കമ്പനി കൊയ്തത്.
ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാസങ്ങളോളം നടത്തിയ രഹസ്യ നീക്കങ്ങള്‍ക്കും സര്‍വേ നടപടികള്‍ക്കും ഒടുവിലാണ് ഭൂമി തിരിച്ചുപിടിച്ചത്. കോര്‍പ്പറേറ്റ് സമ്മര്‍ദ്ദങ്ങളെയും കടുത്ത എതിര്‍പ്പുകളെയും മറികടന്ന് ഹൈറേഞ്ച് സി.സി.എഫ് ഡി.കെ വിനോദ്കുമാര്‍, മൂന്നാര്‍ ഡി.എഫ്.ഒ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ദേവികുളം റേഞ്ച് ഓഫീസര്‍ ഇ.ഡി അരുണ്‍കുമാര്‍, ചിന്നക്കനാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ഹാരിസണ്‍ ശശി, ബിറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എസ്. സജീവ് കുമാര്‍, സാജു റ്റി.ആര്‍, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എസ്. അമ്പുമണി എന്നിവരടങ്ങിയ സംഘമാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. വനംവകുപ്പ് ഈ ഭൂമിയില്‍ ജണ്ടകളും ബോര്‍ഡുകളും സ്ഥാപിച്ച് അധീനതയിലാക്കി കഴിഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.