സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് (ഞായര്‍) അവധി പ്രഖ്യാപിച്ചു. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാലാ, പൊതുപരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും അപകടാവസ്ഥയിലുള്ള വീടുകളിലുള്ളവരും അധികൃതരുടെ നിര്‍ദേശാനുസരണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ സഹകരിക്കണമെന്ന് കളക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിതീവ്ര മഴ മുന്നറിയിപ്പുള്ള വയനാട് ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 25) കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ് എന്നിവയ്ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. ആനക്കാംപൊയില്‍ - കള്ളാടി തുരങ്ക പാത നിര്‍മ്മാണ മേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടും വെള്ളരിമല വില്ലേജ് ഓഫീസറോടും നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും പുഴകളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
കനത്ത മഴ: മൂന്ന് ജില്ലകളില്‍ മതപഠന ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; വയനാട്ടില്‍ കര്‍ശന നിയന്ത്രണം