കണ്ണൂര്‍: ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയ്‌ക്കെതിരെ വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഇ.പി. ശ്യാംജിത്ത്. പി.കെ. ഇന്ദിരയുടെ റിസോര്‍ട്ട് നിക്ഷേപവും സാമ്പത്തിക സ്രോതസ്സും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ശ്യാംജിത്ത് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ചിരിക്കുന്നത്. കേരള ബാങ്കില്‍ നിന്ന് വിരമിച്ച പി.കെ. ഇന്ദിര, ആയുര്‍വേദ റിസോര്‍ട്ടില്‍ ഷെയര്‍ നിക്ഷേപിച്ചത് സ്വന്തം റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണോ എന്നാണ് പ്രധാന ചോദ്യം. വിരമിച്ച ഒരാള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങളുടെ യഥാര്‍ത്ഥ തുകയും, ആ തുകയുടെ നിക്ഷേപ രേഖകളും പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
കൂടാതെ, സിപിഎമ്മിനെതിരെ നിലപാടെടുത്ത തോമസിനെ കണ്ണൂര്‍ ആയുര്‍വേദ റിസോര്‍ട്ടില്‍ പി.കെ. ഇന്ദിരയാണ് നിയമിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ടെന്നും ശ്യാംജിത്ത് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ പല നിര്‍ണായക വിവരങ്ങളും പുറത്തറിയുന്നതിന് പിന്നില്‍ പി.കെ. ഇന്ദിരയുടെ ബന്ധുവിന് പങ്കുണ്ടോയെന്ന കാര്യവും വഴിയേ വ്യക്തമാകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
'ആരെയും മുന്‍കൂട്ടി കുറ്റപ്പെടുത്തുന്നില്ല, എന്നാല്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി വേണം, രേഖകള്‍ സംസാരിക്കട്ടെ' എന്ന് വ്യക്തമാക്കുന്ന ശ്യാംജിത്ത്, ഇനിയും നിരവധി തെളിവുകളും രേഖകളും ബന്ധങ്ങളും പുറത്തുവരാനുണ്ടെന്നും കാത്തിരുന്നു കാണാമെന്നും കൂട്ടിച്ചേര്‍ക്കുന്നു.
പി കെ ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചാണോ?; പല ഇടപാടുകളുടെയും രേഖകള്‍ പുറത്തുവരാനുണ്ട്: വീണ്ടും കുറിപ്പുമായി ശ്യാംജിത്ത്