വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകളിൽ അടിയന്തര പരിശോധന വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനം സുതാര്യമാക്കണമെന്നും എഐസിസി നിരീക്ഷകൻ എച്ച്.കെ. പാട്ടീൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ 324-ാം അനുച്ഛേദപ്രകാരം പ്രവർത്തിക്കുന്ന കമ്മീഷൻ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും, ജനാധിപത്യ പ്രക്രിയയെ ചോദ്യം ചെയ്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്റെ ഏകപക്ഷീയ നടപടികൾക്കെതിരെയും ജനാധിപത്യ സംരക്ഷണത്തിനുമായി നവംബർ ഒന്നിന് ന്യൂഡൽഹിയിൽ വൻ റാലി സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന റാലിയിൽ പത്തുലക്ഷത്തോളം ജനാധിപത്യ വിശ്വാസികൾ അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മതിയായ പരിശോധനയോ വിശദീകരണത്തിനുള്ള അവസരമോ നൽകാതെ ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായുള്ള റിപ്പോർട്ടുകൾ ഗൗരവകരമാണ്. വോട്ടർ പട്ടിക തിരുത്തുന്നതിനുള്ള ഡിജിറ്റൽ സംവിധാനങ്ങളിലും ഡാറ്റ കൈകാര്യം ചെയ്യുന്നതിലും സുതാര്യത ഉറപ്പാക്കണം. രാഷ്ട്രീയ പാർട്ടികൾക്ക് പരിശോധിക്കാനുള്ള വിവരങ്ങൾ സമയബന്ധിതമായി നൽകാൻ കമ്മീഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും വീഴ്ചകളും സ്വതന്ത്ര അന്വേഷണത്തിന് വിധേയമാക്കണം. ഡിജിറ്റൽ സംവിധാനങ്ങളിലെ പിഴവുകൾ കാരണം ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പേരുകൾ ഉടൻ പുനഃസ്ഥാപിക്കണം. പട്ടികയിലെ മാറ്റങ്ങൾ പരിശോധിക്കാൻ സ്വതന്ത്രമായ ഓഡിറ്റും ഫലപ്രദമായ പരാതി പരിഹാര സംവിധാനവും രൂപീകരിക്കണമെന്നും എച്ച്.കെ. പാട്ടീൽ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെപിസിസി ഭാരവാഹികളായ നെയ്യാറ്റിൻകര സനൽ, ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, ജോൺ വിനീഷ്യസ് എന്നിവരും പങ്കെടുത്തു.