മലബാറിന്റെ ചിരകാലാഭിലാഷമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയം കോഴിക്കോട്ട് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. 2036 ഒളിമ്പിക്‌സ് ലക്ഷ്യം വെച്ചുകൊണ്ട് കായിക കേരളത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 68-ാമത് കേരള സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
ലഹരിക്കുള്ള ഏറ്റവും ശക്തമായ മറുപടിയാണ് സ്‌പോര്‍ട്‌സ് എന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. യുവാക്കളെയും കുട്ടികളെയും ലഹരിയില്‍ നിന്ന് അകറ്റി കായിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ഉണ്ടാകുന്നത്.
മലബാറിലെ ഫുട്‌ബോള്‍ പ്രേമികളുടെയും കായികപ്രേമികളുടെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. കേരളം ഒട്ടാകെ കായിക മേഖലയില്‍ വലിയ മുന്നേറ്റം നടത്തുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. 'കായിക കേരളം' എന്ന് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന നാളുകളിലേക്കാണ് കേരളം പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കായികം ഒരു സംസ്‌കാരമാക്കി മാറ്റേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ വ്യക്തമാക്കി. കുട്ടികളില്‍ കായിക വാസന വളര്‍ത്തുന്നതിന്റെ ഭാഗമായി 300 കുട്ടികള്‍ക്ക് ഒരു കായിക അധ്യാപകന്‍ എന്ന തോതില്‍ നിയമിക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ വരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരം ആസ്വദിക്കാന്‍ അവധി നല്‍കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മത്സരം വെറുതെ കാണാന്‍ മാത്രമല്ല, കളിക്കാനും കൂടിയുള്ളതാണെന്ന സന്ദേശമാണ് കായികമേള നല്‍കുന്നത്.
മേളയുടെ വേദിയില്‍ അതിഥികള്‍ക്ക് മധുരമേറിയ കോഴിക്കോടന്‍ ഹല്‍വ നല്‍കിയാണ് എം.എല്‍.എ അഡ്വ. ഫാത്തിമ തഹ്ലിയ അതിഥികളെ സ്വീകരിച്ചത്. പരിസരങ്ങളില്‍യെല്ലാം മഴ പെയ്യുന്നുണ്ടെങ്കിലും കായികമേള നടക്കുന്ന പരിസരത്ത് മാത്രം മഴ വിട്ടുനില്‍ക്കുന്നത് ദൈവാനുഗ്രഹമാണെന്ന പ്രത്യേകതയും ചടങ്ങിന് മാറ്റുകൂട്ടി. വിവിധ ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് യുവപ്രതിഭകളുടെ മാമാങ്കത്തിനാണ് കോഴിക്കോട് വേദിയായിരിക്കുന്നത്.
68-ാമത് സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കം; അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയവും കായിക പാക്കേജും പ്രഖ്യാപിച്ച് മുഖ്യമന്ത്രി