Logo
Tue, Jul 21, 2026 • 04:59 PM
LIVE TV
Watch

No business videos available

No Middle East videos available

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്; കുതിച്ചുയരാന്‍ സ്‌കൈറൂട്ടിന്റെ 'വിക്രം 1'


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 18, 2026
1 min read Updated: July 21, 2026
SHARE:
SAVE: Login to save

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്; കുതിച്ചുയരാന്‍ സ്‌കൈറൂട്ടിന്റെ 'വിക്രം 1'

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയറോസ്‌പേസ് വികസിപ്പിച്ചെടുത്ത 'വിക്രം 1' റോക്കറ്റ് ഇന്ന് രാവിലെ 11:30-ന് കുതിച്ചുയരും. 'മിഷന്‍ ആഗമന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ചരിത്ര ദൗത്യത്തിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയാണ് വേദിയാകുന്നത്. ഐഎസ്ആര്‍ഒയുടെ കീഴിലുള്ള ഇന്‍സ്‌പേസിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് വിക്ഷേപണം.

പൂര്‍ണ്ണമായും ഖരഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് വിക്രം 1. 22 മീറ്റര്‍ ഉയരമുള്ള ഈ അത്യാധുനിക റോക്കറ്റിന് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക്  350 കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ശേഷിയുണ്ട്. കന്നി പരീക്ഷണ ദൗത്യമായതിനാല്‍ ഇത്തവണ വലിയ ഉപഗ്രഹങ്ങളൊന്നും അയക്കുന്നില്ല. വിക്ഷേപണം ആരംഭിച്ച് കൃത്യം 15 മിനിറ്റും 46 സെക്കന്‍ഡും കൊണ്ട് ദൗത്യം ലക്ഷ്യസ്ഥാനത്ത് എത്തും. ഭൂമിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥമാണ് വിക്രം 1 ലക്ഷ്യമിടുന്നത്.

ബെംഗളൂരു സ്റ്റാര്‍ട്ടപ്പായ ഗ്രഹാ സ്‌പേസിന്റെ 'സോളാരസ് എസ് ത്രീ', കോസ്‌മോസെര്‍വ് സ്‌പേസ് വികസിപ്പിച്ചെടുത്ത ബഹിരാകാശ റോബോട്ടിക് കൈയായ 'എംബ്രേസ്', സ്‌കൈറൂട്ടിന്റെ സ്വന്തം ഉപഗ്രഹമായ 'സ്‌കോപ്പ് സാറ്റ്', ജര്‍മ്മന്‍ കമ്പനിയായ ഡിക്യൂബ്ഡ് സ്‌പേസിന്റെ ഒരു ചെറു സാങ്കേതിക വിദ്യ പരീക്ഷണം തുടങ്ങി നാല് പ്രധാന പേലോഡുകളാണ് ഈ ദൗത്യത്തിലുള്ളത്. 

സാങ്കേതിക ഉപകരണങ്ങള്‍ക്ക് പുറമേ തികച്ചും കൗതുകകരമായ ചില ഘടകങ്ങളും വിക്രം 1 പേറുന്നുണ്ട്. ഇന്ത്യയുടെ ശാസ്ത്ര പ്രതിഭകളായ വിക്രം സാരാഭായ്, സി.വി. രാമന്‍, മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എന്നിവരുടെ ഒരു അരിമണിയേക്കാള്‍ ചെറിയ മിനിയേച്ചര്‍ ശില്‍പ്പങ്ങള്‍ ഈ റോക്കറ്റില്‍ ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്. ഇതിന് പുറമെ ലാബില്‍ നിര്‍മ്മിച്ച ഡയമണ്ട് ആഭരണവും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ആശംസാ കാര്‍ഡുകളും ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് കുതിക്കും. ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് വന്‍ കുതിച്ചുചാട്ടമേകുന്ന ഒന്നായിരിക്കും ഈ വിക്ഷേപണം.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10