ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ആരോപിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും 'ഇന്ത്യാ' മുന്നണി സംഘടിപ്പിക്കുന്ന 'ചലോ ദില്ലി' പ്രതിഷേധ റാലിക്ക് ഡല്‍ഹി രാംലീല മൈതാനത്ത് വന്‍ ജനപങ്കാളിത്തം. ഞായറാഴ്ച രാവിലെ മുതല്‍ തന്നെ ഇന്ത്യാ മുന്നണിയിലെ വിവിധ കക്ഷികളുടെ പതിനായിരക്കണക്കിന് പ്രവര്‍ത്തകരും അനുഭാവികളും രാംലീല മൈതാനത്തേക്ക് ഒഴുകിയെത്തി.
രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, മമത ബാനര്‍ജി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നിന്ന് മിന്റോ റോഡ് വരെ തുറന്ന ബസില്‍ യാത്ര ചെയ്ത ശേഷമാണ് റാലി നയിച്ച് വേദിയിലെത്തിയത്. നേതാക്കള്‍ അല്പസമയത്തിനകം രാംലീല മൈതാനത്ത് തടിച്ചുകൂടിയ വന്‍ ജനസഞ്ചയത്തെ അഭിസംബോധന ചെയ്യും.
ഉച്ചയോടെ സമരവേദിയും പരിസരവും പ്ലക്കാര്‍ഡുകളും ദേശീയപതാകയും ഏന്തിയ പ്രവര്‍ത്തകരാല്‍ നിറഞ്ഞു. വിവാദപരമായ നിര്‍ദ്ദിഷ്ട ഉത്തരവുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നയങ്ങള്‍ക്കുമെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. വന്‍ ജനക്കൂട്ടം തടിച്ചുകൂടാന്‍ സാധ്യതയുള്ളതിനാല്‍ ഡല്‍ഹി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയും ഇരുന്നൂറിലധികം സി.സി.ടി.വി ക്യാമറകളെയും സുരക്ഷാ നിരീക്ഷണത്തിനായി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ജനസാഗരമായി രാംലീല മൈതാനി; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹാറാലി; രാജ്യ തലസ്ഥാനം കനത്ത സുരക്ഷയിൽ