ഫെമ, ഹവാല, സ്വര്‍ണ്ണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇ.ഡി പരിശോധന നടത്തുന്നു. അനധികൃത പണമിടപാടുകളും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കാസര്‍കോഡ് ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. തളങ്കര ബാംഗോഡിലെ അഹമ്മദ് സമീര്‍ ചെംഗള അബൂബക്കറിന്റെ 'സൈനബ മന്‍സില്‍', ചെമ്പിരിക്ക ചന്ദ്രഗിരിയിലെ ഷാഫി ചെമ്പിരിക്കയിലിന്റെ 'ചാപ്പ ഹൗസ്' എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.
കണ്ണൂര്‍ ഇരിവേരിയിലെ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ വട്ടക്കണ്ടി ഹൗസ്, കോഴിക്കോട് കുന്നമംഗലത്തെ മുഹമ്മദ് ജൗഹര്‍ എം.കെയുടെ (മാല കുഴിയില്‍ ജൗഹര്‍) വീട്, കൊയിലാണ്ടി മടക്കരയിലെ നൗഷാദ് വളപ്പിലിന്റെ വീട് എന്നിവിടങ്ങളിലും പരിശോധന പുരോഗമിക്കുകയാണ്.
മലപ്പുറം വേങ്ങര ചേരൂരിലെ മുഹമ്മദ് ആഷിഖ് കല്ലുപറമ്പന്റെ വീട്, താനൂര്‍ (താനാളൂര്‍) കെ. പുരത്തെ യൂനസിന്റെ പാലക്കാവളപ്പില്‍ ഹൗസ്, പാലക്കാട് കുമരനല്ലൂരിലെ അബ്ദുള്‍ റൗഫിന്റെ കാകിടി ഹൗസ് എന്നിവിടങ്ങളിലും ഇ.ഡി. സംഘം പരിശോധന നടത്തുന്നുണ്ട്.
സമീപകാലത്ത് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സ്വര്‍ണ്ണക്കടത്ത് സംഭവങ്ങളുടെയും ഹവാല ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണവും റെയ്ഡുകളും നടക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് - ഹവാല ഇടപാടുകള്‍: വടക്കന്‍ കേരളത്തിലെ ഒന്‍പതോളം കേന്ദ്രങ്ങളില്‍ ഇഡി പരിശോധന