തിരുവനന്തപുരം: കൊല്ലം ചടയമംഗലത്ത് 13 വയസ്സുകാരനായ വിദ്യാർത്ഥിയെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കര്‍ശന നടപടിക്ക് നിർദേശം നൽകി. ലഭ്യമായ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് (CWC) മന്ത്രി ആവശ്യപ്പെട്ടു.
സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുഞ്ഞിനോട് രണ്ടാനച്ഛൻ കാട്ടിയ ക്രൂരത ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ കൊല്ലം റൂറൽ എസ്‌പിക്കും വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർക്കും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
കുട്ടിയുടെ കുടുംബത്തെ എത്രയും വേഗം നേരിൽ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്താൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്രൂരമർദ്ദനത്തിനിരയായ കുട്ടിക്ക് അടിയന്തരമായി കൗൺസിലിംഗും ആവശ്യമായ മാനസിക പിന്തുണയും ഉറപ്പാക്കും. കുട്ടികളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ അടിയന്തരമായി വനിതാ ശിശുവികസന വകുപ്പിനെ വിവരമറിയിക്കണം. ഇത്തരം പരാതികളിൽ വകുപ്പിന്റെ ഭാഗത്തുനിന്നും മാതൃകാപരമായ ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം: സ്വമേധയാ കേസെടുക്കാൻ മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശം