ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഇന്റർനാഷണൽ മാസ്റ്ററായി (IM) ഇംഗ്ലണ്ടിന്റെ ഇന്ത്യൻ വംശജയായ പതിനൊന്നുകാരി ബോധന ശിവാനന്ദൻ. ഹംഗറിയുടെ ഇതിഹാസതാരം ജൂഡിറ്റ് പോൾഗർ സ്ഥാപിച്ച 38 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് ബോധന ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. യൂറോപ്യൻ ക്ലബ് കപ്പ് ചാമ്പ്യൻഷിപ്പിൽ സ്വീഡന്റെ വിക്ടോറിയ ജോഹാൻസണെ തോൽപ്പിച്ചാണ് ബോധന തൻ്റെ മൂന്നാമത്തെയും അവസാനത്തെയും ഐ.എം നോർം സ്വന്തമാക്കിയത്.
ലണ്ടനിലെ ഹാരോയിൽ നിന്നുള്ള ബോധന നിലവിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഈ വിജയത്തോടെ, ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ ഇന്റർനാഷണൽ മാസ്റ്റർ എന്ന അപൂർവ്വ നേട്ടവും ബോധന കൈവരിച്ചു. ഓപ്പൺ ഇന്റർനാഷണൽ മാസ്റ്റർ പട്ടികയിൽ നിലവിലെ ലോക ചാമ്പ്യൻഷിപ്പ് ചലഞ്ചറായ ഡി. ഗുകേഷിനെയും മറികടന്നാണ് ബോധന മുന്നിലെത്തിയത്.
കുടുംബസുഹൃത്ത് പിതാവിന് നൽകിയ സാധനങ്ങൾക്കിടയിൽ കണ്ട കരുക്കളുടെ ഭംഗിയിൽ ആകർഷിക്കപ്പെട്ടാണ് ബോധനയ്ക്ക് ചെസ്സിൽ താല്പര്യം ജനിച്ചത്. കോവിഡ് കാലത്ത് അഞ്ചാം വയസ്സിൽ കളിച്ചുതുടങ്ങിയ ബോധന, വീഡിയോകൾ കണ്ട് സ്വയം പഠിച്ചാണ് തൻ്റെ കഴിവ് തെളിയിച്ചത്. 2026-ൽ ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പ് വനിതാ കിരീടം നേടി 1939-ൽ എലെയ്ൻ പ്രിച്ചാർഡ് സ്ഥാപിച്ച റെക്കോർഡ് തകർത്ത ബോധന, വുമൺ ഗ്രാൻഡ്മാസ്റ്റർ (WGM) നോം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരി കൂടിയാണ്.
ചെസ്സിൽ ചരിത്രമെഴുതി 11-കാരി; ജൂഡിറ്റ് പോൾഗറുടെ 38 വർഷത്തെ റെക്കോർഡ് തകർത്ത് ബോധന ശിവാനന്ദൻ