ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ ഗാനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പുറത്തുവിട്ടു. "മായാരാവണനേ.... മന്മഥമോഹനസുന്ദരനേ.. ലങ്കാ പാലകനേ... സേവകനായകനേ..." എന്നാരംഭിക്കുന്ന ഈ ഗാനം ഇതിനോടകം തന്നെ നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലങ്കയും രാവണനും കോർത്തിണക്കി ബി. ഹരിനാരായണൻ എഴുതിയ വരികൾക്ക് ജെയ്ക്ക് ബിജോയ്‌സാണ് ഈണം പകർന്നിരിക്കുന്നത്. പ്രശസ്ത ഗായകൻ എം.ജി. ശ്രീകുമാറാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ഈണത്തിലും ആലാപനത്തിലും ഏറെ ഇമ്പമാർന്ന ഈ ഗാനം ഒരു ആഘോഷത്തിമിർപ്പിന് ഏറെ അനുയോജ്യമാണ്. ചിത്രത്തിലെ പൊലീസ് പ്രൊസീജിയർ പശ്ചാത്തലത്തോടൊപ്പം കുടുംബമുഹൂർത്തങ്ങളുടെ ദൃശ്യങ്ങളും ഗാനത്തിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത് പ്രേക്ഷകർക്ക് കൗതുകം പകരുന്നതാണ്. ഡിസംബർ 24-ന് ചിത്രം തിയേറ്റുകളിലെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
ലൗലജൻ പി.സി. എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും കോർത്തിണക്കിയുള്ള ഒരു പ്രൊസീജിയർ ഡ്രാമയാണ് 'അതിമനോഹരം'. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മീരാ ജസ്മിനാണ് നായിക. ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ് അലി, പ്രമോദ് വെളിയനാട് എന്നിവർക്കൊപ്പം സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന തുടങ്ങിയ പുതുതലമുറ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 'ഇഷ്ക്ക്', 'ആലപ്പുഴ ജിംഖാന' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
ചിത്രത്തിന്റെ പ്രധാന സാങ്കേതിക വിദഗ്ധരെല്ലാം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിംഗ്: ഷഫീഖ് വി.ബി, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: മഷർ ഹംസ, കോ-ഡയറക്ടർ: ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ്ഖാൻ, അസോസിയേറ്റ് ഡയറക്ടർ: അഫ്നാസ് വി., സ്റ്റിൽസ്: അമൽ സി. സദർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്. സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിന്റെ പി.ആർ.ഒ വാഴൂർ ജോസ് ആണ്.
തരുൺ മൂർത്തി - മോഹൻലാൽ ചിത്രമായ 'അതിമനോഹര'ത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി