പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകമനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മുഴുനീള കോമഡി ചിത്രവുമായി എത്തുന്നു. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സുരാജ് പ്രധാന വേഷത്തിലെത്തുന്നത്. വൗ സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് വിലാസിനി സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനും സുരാജ് വെഞ്ഞാറമൂടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ ആരംഭിച്ചു.
പുറപ്പുഴ ശ്രീതിരുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ വെച്ചു നടന്ന പൂജാ ചടങ്ങുകളോടെയായിരുന്നു തുടക്കം. നിർമ്മാതാവ് സന്തോഷ് ത്രിവിക്രമൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചപ്പോൾ കന്നഡ നടൻ മണികണ്ഠൻ ഫസ്റ്റ് ക്ലാപ്പ് നൽകി. ഒരു സാധാരണക്കാരന്റെ കുടുംബ ജീവിതവും സാമൂഹിക പശ്ചാത്തലവും കോർത്തിണക്കി ഗ്രാമീണ അന്തരീക്ഷത്തിലാണ് സിനിമയുടെ കഥ പറയുന്നത്. നാടിന്റെ ഉൾത്തുടിപ്പുകളും ആചാരാനുഷ്ഠാനങ്ങളും റിയലിസ്റ്റിക്കായി ചിരിയിലും ചിന്തയിലും അവതരിപ്പിക്കാനാണ് സംവിധായകൻ ജഗൻ ഷാജി കൈലാസ് ലക്ഷ്യമിടുന്നത്.
'നീക്കം' എന്ന ത്രില്ലർ ചിത്രത്തിന് ശേഷം ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നീക്കത്തിന്റെ തിരക്കഥാകൃത്ത് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർ തന്നെയാണ് ഈ കോമഡി ചിത്രത്തിന് പിന്നിലും അണിനിരക്കുന്നത്. സമീപകാലങ്ങളിൽ സീരിയസ് വേഷങ്ങളിൽ ശ്രദ്ധേയനായ സുരാജ്, 'പ്രകാശൻ' എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
വിനയ് ഫോർട്ട്, മഞ്ജു പിള്ള, ദേവരാജ് (വാഴ ഫെയിം), അനഘ നാരായണൻ, നോബി, നന്ദലാൽ, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ടിസ് തോമസ്, ടെസ്നി ഖാൻ, കൃഷ്ണപ്രഭ, വൃന്ദ മേനോൻ, ഹരീഷ് (ഉയിർ ഫെയിം), സുനിൽകുമാർ, ഉണ്ണി നായർ, അനൂപ് തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
വിബിൻ ബാലചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും സൂരജ് ഇ. എസ്. എഡിറ്റിംഗും നിർവ്വഹിക്കുന്നു. സംഗീതം: ഇലക്ട്രോണിക്സ് കിളി, പ്രൊജക്റ്റ് ഡിസൈനർ: എൻ. എസ്. രതീഷ്, കലാസംവിധാനം: മഹേഷ് മോഹൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂം: വെങ്കി, അസോസിയേറ്റ് ഡയറക്ടർ: വൈശാഖ് രാമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സ്റ്റിൽസ്: നിദാദ്, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീകുമാർ ചെന്നിത്തല, പി.ആർ.ഒ: വാഴൂർ ജോസ്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും.
ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്; ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ പൂജയും ചിത്രീകരണവും തൊടുപുഴയിൽ ആരംഭിച്ചു