വാഷിംഗ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ വിശദീകരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. താൻ നേരിട്ട് മത്സരരംഗത്തില്ലാതിരുന്നതാണ് പാർട്ടിയുടെ മോശം പ്രകടനത്തിന് കാരണമെന്നും, താൻ ബാലറ്റിൽ ഉണ്ടായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി ചരിത്രത്തിലെ എക്കാലത്തെയും വലിയ ജയം നേടിയേനെ എന്നും ട്രംപ് അവകാശപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയങ്ങളോടെ ഡെമോക്രാറ്റിക് പാർട്ടി കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നതിന് അരികെയാണ്. നോർത്ത് കരോലിന, സൗത്ത് കരോലിന, ടെക്സസ്, ഒഹായോ എന്നീ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾ സെനറ്റ് സീറ്റുകൾ പിടിച്ചെടുത്തു. ജോർജിയയിലും ന്യൂ ഹാംഷെറിലും കടുത്ത പോരാട്ടത്തിനൊടുവിൽ സീറ്റുകൾ നിലനിർത്താനും അവർക്കായി. ടെക്സസിൽ ജയിച്ച ജെയിംസ് തലാറിക്കോ കഴിഞ്ഞ 30 വർഷത്തിനിടയിൽ സംസ്ഥാനതലത്തിൽ വിജയം നേടുന്ന ആദ്യ ഡെമോക്രാറ്റായി മാറി. സൗത്ത് കരോലിനയിൽ വിജയിച്ച ആനി ആൻഡ്രൂസ്, കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയിൽ സംസ്ഥാനത്ത് നിന്ന് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഡെമോക്രാറ്റും യു.എസ് സെനറ്റിലെത്തുന്ന ആദ്യ വനിതയുമായി ചരിത്രം കുറിച്ചു.
ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലും ഡെമോക്രാറ്റുകൾ നിർണായക മുന്നേറ്റം നടത്തി. ന്യൂജേഴ്‌സി, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന പോരാട്ടങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് പാർട്ടി മുന്നേറുന്നത്. ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളുടെ ലക്ഷ്യത്തിലേക്ക് പാർട്ടി അടുത്തുകൊണ്ടിരിക്കുകയാണ്. ഗവർണർ തെരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഒഹായോയിൽ ട്രംപിന്റെ പിന്തുണയോടെ മത്സരിച്ച വിവേക് രാമസ്വാമിയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിന്റെ ആമി ആക്ടൻ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. ജോർജിയയിൽ വിജയിച്ച കീഷ ലാൻസ് ബോറ്റംസ്, ഒരു യു.എസ് സംസ്ഥാനത്തിന്റെ ഗവർണറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വർഗ്ഗക്കാരിയായ വനിതയെന്ന ചരിത്രനേട്ടം സ്വന്തമാക്കി.
രണ്ടാം തവണയും പ്രസിഡന്റ് പദവിയിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടന്നിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി ട്രംപ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തിയിരുന്നുവെങ്കിലും, കഴിഞ്ഞ 2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണച്ച സംസ്ഥാനങ്ങളിൽ പോലും റിപ്പബ്ലിക്കൻ പാർട്ടിക്ക് അടിപതറുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ കാണാനാകുന്നത്.
അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് ;'ഞാന്‍ മത്സരിച്ചിരുന്നെങ്കില്‍ കളി മാറിയേനെ' പോസ്റ്റുമായി ട്രംപ്