ആധാരം എഴുത്തുകാരുടെയും വെണ്ടർമാരുടെയും ഓണക്കാല ഉത്സവബത്ത 6,000 രൂപയായി വർദ്ധിപ്പിച്ചു - മന്ത്രി ഒ.ജെ ജനീഷ്
സംസ്ഥാനത്തെ ആധാരം എഴുത്തുകാർ, പകർപ്പെഴുത്തുകാർ, സ്റ്റാമ്പ് വെണ്ടർമാർ എന്നിവരുടെ ക്ഷേമനിധി അംഗങ്ങൾക്കുള്ള ഓണക്കാല ഉത്സവബത്ത 6,000 രൂപയായി സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ ഒ.ജെ. ജനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിലാണ് ഈ തീരുമാനം. നേരത്തെ 5,500 രൂപയായിരുന്ന ബത്തയാണ് ഇപ്പോൾ ഉയർത്തിയത്. ബോർഡിലെ ആറായിരത്തോളം വരുന്ന അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഉത്സവബത്തയ്ക്ക് പുറമെ അംഗങ്ങളുടെ മക്കൾക്കുള്ള ഉന്നതവിദ്യാഭ്യാസ വായ്പാ പരിധി മൂന്ന് ലക്ഷം രൂപയിൽ നിന്ന് ആറ് ലക്ഷം രൂപയായി ബോർഡ് ഉയർത്തി. മരണപ്പെട്ട ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതർ നൽകിയിട്ടുള്ള ആനുകൂല്യങ്ങൾക്കായുള്ള കുടിശ്ശിക അപേക്ഷകൾ കാലതാമസമില്ലാതെ വേഗത്തിൽ തീർപ്പാക്കാൻ യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി.
സ്റ്റാമ്പ് വെണ്ടർ ലൈസൻസികളുടെ പ്രതിനിധികളും ബോർഡ് അംഗങ്ങളുമായ കെ. ബാഹുലേയൻ നായർ, എം.വി. രമേശ്, വി.വി. ശശിമോൻ, കെ. പ്രസീത, ടി.കെ. ഉമൈസ്, ബോർഡ് സെക്രട്ടറി പി.കെ. സാജൻകുമാർ, നികുതി വകുപ്പ് അഡീഷണൽ സെക്രട്ടറി എം.വി. പ്രമോദ്, ധനവകുപ്പ് അഡീഷണൽ സെക്രട്ടറി എൽ. ശോഭ, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി കെ.ബി. ബീന തുടങ്ങിയ പ്രമുഖർ യോഗത്തിൽ സംബന്ധിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.