ആര്യ രാജേന്ദ്രന് തിരിച്ചടി: ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാനുള്ള നീക്കം പരാജയപ്പെട്ടു; വി.എസ്. ശ്യാമ പുതിയ പ്രസിഡന്റ്
തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാക്കാൻ സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം നേതാക്കൾ നടത്തിയ നീക്കം പരാജയപ്പെട്ടു. കാട്ടായിക്കോണം സ്വദേശിയും മുൻ ട്രഷററുമായ വി.എസ്. ശ്യാമയെ ഡിവൈഎഫ്‌ഐ പുതിയ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. എൽ.എസ്. ലിജുവാണ് പുതിയ സെക്രട്ടറി. എസ്.എസ്. നിതിനെ ട്രഷററായും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. ലിജുവും നിതിനും നിലവിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സമിതിയംഗങ്ങളാണ്.
നിലവിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് ആര്യ രാജേന്ദ്രൻ. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് പാർട്ടി പൂർണ്ണമായി മാറ്റി നിർത്തിയ ആര്യയെ ജില്ലാ പ്രസിഡന്റാക്കാൻ ചില സംസ്ഥാന നേതാക്കൾ താല്പര്യം കാണിച്ചെങ്കിലും പാർട്ടിയിലെയും സംഘടനയിലെയും ഒരു വിഭാഗം ശക്തമായ എതിർപ്പ് ഉയർത്തുകയായിരുന്നു.
നേതൃത്വ തർക്കം രൂക്ഷമായതോടെ ഡൽഹിയിലായിരുന്ന അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി തിരുവനന്തപുരത്തെത്തി ചർച്ചകളിൽ പങ്കെടുത്തു. തുടർന്ന് ഇന്ന് രാവിലെ ചേർന്ന ഡിവൈഎഫ്‌ഐ ജില്ലാ നേതാക്കളുടെ യോഗത്തിലാണ് വി.എസ്. ശ്യാമയെ പ്രസിഡന്റും എൽ.എസ്. ലിജുവിനെ സെക്രട്ടറിയുമാക്കുന്ന പാനലിന് രൂപം നൽകിയത്. മുതിർന്ന സിപിഎം നേതാക്കളുമായി നടത്തിയ ആശയവിനിമയത്തിന് ശേഷമാണ് പുതിയ ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.