മാഞ്ചസ്റ്റർ: ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് കൗമാര വിസ്മയം വൈഭവ് സൂര്യവംശി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തിനുള്ള ഇന്ത്യൻ ഇലവനിലാണ് പതിനഞ്ചുകാരനായ വൈഭവ് ഇടംപിടിച്ചത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി പാഡ് കെട്ടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ ദീർഘകാലത്തെ റെക്കോഡ് വൈഭവ് സ്വന്തം പേരിലാക്കി.
മറികടന്നത് സച്ചിന്റെ ഇതിഹാസ റെക്കോഡ്
16 വയസ്സും 205 ദിവസവുമുള്ളപ്പോഴായിരുന്നു സച്ചിൻ ഇന്ത്യക്കായി അരങ്ങേറിയതെങ്കിൽ, 15 വയസ്സും മൂന്ന് മാസവും ഏഴ് ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചുവടുവെക്കുന്നത്. മത്സരത്തിന് തൊട്ടുമുമ്പ് വൈസ് ക്യാപ്റ്റൻ തിലക് വർമയാണ് വൈഭവിന് അരങ്ങേറ്റ തൊപ്പി കൈമാറിയത്. 2026 ഐ.പി.എല്ലിൽ 776 റൺസ് അടിച്ചുകൂട്ടി ടോപ്പ് സ്കോററായ മിന്നും പ്രകടനമാണ് 'വണ്ടർ ബോയ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈഭവിനെ ദേശീയ ടീമിലെത്തിച്ചത്.
സഞ്ജുവിന് തിരിച്ചടി; ടോസ് ഇന്ത്യക്ക്
മലയാളി താരം സഞ്ജു സാംസണ് പകരക്കാരനായാണ് വൈഭവ് ടീമിലെത്തിയത്. അയർലൻഡിനെതിരായ പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയതാണ് സഞ്ജുവിന് തിരിച്ചടിയായത്. അതേസമയം, ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന രണ്ടാം ട്വന്റി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിങ് തിരഞ്ഞെടുത്തു. മഴമൂലം പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു.
വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയുമാണ് ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യതത്.തിലക് വർമ, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ശിവം ദുബെ എന്നിവരടങ്ങുന്നതാണ് മധ്യനിര. പേസ് നിരയിൽ അർഷദീപ് സിങ്ങും ഹർഷിത് റാണയും അണിനിരക്കുമ്പോൾ അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയി എന്നിവരാണ് സ്പിൻ വിഭാഗം കൈകാര്യം ചെയ്യുന്നത്.മറുവശത്ത് ഹാരി ബ്രൂക്ക് നയിക്കുന്ന ഇംഗ്ലണ്ട് നിരയിൽ പ്രമുഖ പേസർ ജോഫ്ര ആർച്ചർ തിരിച്ചെത്തിയപ്പോൾ, പേസർ ജോഷ് ടോങ് അരങ്ങേറ്റം കുറിച്ചു.
ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷദീപ് സിങ്, രവി ബിഷ്‍ണോയി, വരുൺ ചക്രവർത്തി.
ഇംഗ്ലണ്ട് ടീം: ഫിൽ സാൾട്ട്, ജോസ് ബട്‍ലർ, ഹാരി ബ്രൂക്, ജേക്കബ് ബെതൽ, ടോം ബാന്റൺ, സാമ കറൻ, വിൽ ജാക്സ്, ലിയാം ഡോസൺ, ആദിൽ റഷീദ്, ജോഫ്ര ആർച്ചർ, ജോഷ് ടോങ്.