ബിഎംഡബ്ല്യൂ ഗ്രൂപ്പിന്റെ പ്രമുഖ ലക്ഷ്വറി ബ്രാൻഡായ മിനിയുടെ പുതിയ 'കൂപ്പർ ഒക്സ്ഫഡ് എഡിഷൻ' (MINI Cooper Oxford Edition) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 55.50 ലക്ഷം രൂപയാണ് കാറിന്റെ എക്സ്-ഷോറൂം വില. ലക്നൗവിൽ പുതുതായി തുറന്ന പുതിയ ഡീലർഷിപ്പിൽ വെച്ചാണ് കമ്പനി വാഹനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പൂർണ്ണമായി വിദേശത്ത് നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന സിബിയു (CBU) രീതിയിലാണ് ഈ വാഹനം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. രാജ്യത്തുടനീളമുള്ള അംഗീകൃത മിനി ഡീലർഷിപ്പുകളിൽ വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. പരിമിതമായ എണ്ണത്തിൽ മാത്രം വിപണിയിലെത്തുന്ന ഈ മോഡലിന്റെ ഡെലിവറി ഉടൻ തന്നെ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
യുകെയിലെ ഒക്സ്ഫഡ് പ്ലാന്റിൽ ആധുനിക മിനി കാറുകൾ നിർമ്മിക്കാൻ തുടങ്ങിയിട്ട് 25 വർഷം തികയുന്നതിന്റെ ഓർമ്മയ്ക്കായാണ് ഈ പ്രത്യേക എഡിഷൻ വിപണിയിലെത്തിച്ചിരിക്കുന്നത്. കാറിന്റെ റൂഫിൽ യുകെയുടെ യൂണിയൻ ജാക്ക് ഡിസൈനും, ബൂട്ടിൽ യൂണിയൻ ജാക്കും ചെക്കേർഡ് റേസിങ് പതാകയും ചേർന്നുള്ള പ്രത്യേക സ്റ്റിക്കറും നൽകിയിട്ടുണ്ട്. ഇൻഡിഗോ സൺസെറ്റ് ബ്ലൂ, ചില്ലി റെഡ് എന്നീ രണ്ട് വ്യത്യസ്ത നിറങ്ങളിൽ ഈ വാഹനം ലഭ്യമാണ്. സ്റ്റിയറിങ് വീലിന്റെ താഴത്തെ സ്പോക്കിലും യൂണിയൻ ജാക്ക് പ്രിന്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഡാഷ്ബോർഡിലും ഡോർ പാനലുകളിലും പരിസ്ഥിതി സൗഹൃദമായ റീസൈക്കിൾ ചെയ്ത നെയ്ത തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്.
മിനി ഓപ്പറേറ്റിങ് സിസ്റ്റം 9-ൽ പ്രവർത്തിക്കുന്ന 9.4 ഇഞ്ച് സർക്കുലർ ഒഎൽഇഡി ടച്ച് സ്ക്രീൻ, ഹെഡ് അപ്പ് ഡിസ്പ്ലേ, ഹർമാൻ കാർഡൺ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിങ്, ക്യാബിൻ ഇൻറ്റീരിയർ റെക്കോർഡ് ചെയ്യാൻ കഴിയുന്ന പ്രത്യേക ഫിഷ് ഐ ക്യാമറ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ഡിജിറ്റൽ കീ പ്ലസ്, കംഫർട്ട് ആക്സസ്, ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റോടു കൂടിയ ഡ്രൈവർ സീറ്റ്, ആക്ടീവ് സീറ്റ് ഫംഗ്ഷൻ എന്നിവയ്ക്കൊപ്പം ഗോ കാര്ട്ട്, ഗ്രീന്, വിവിഡ് എന്നീ ഡ്രൈവിംഗ് എക്സ്പീരിയൻസ് മോഡുകളും ഇതിലുണ്ട്. സുരക്ഷയ്ക്കായി എയർബാഗുകൾ, എബിഎസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കോർണറിങ് ബ്രേക്ക് കൺട്രോൾ, റിയർ ക്യാമറ, ടയർ പ്രഷർ മോണിറ്റർ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
201 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ അത്യാധുനിക വാഹനത്തിന് കരുത്തുപകരുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ കാറിന് മണിക്കൂറിൽ 242 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും.
യുകെ പ്ലാന്റിന്റെ 25-ാം വാർഷികത്തിന് ആദരം; മിനി കൂപ്പർ ഒക്സ്ഫഡ് എഡിഷൻ ഇന്ത്യയിലെത്തി, വില 55.50 ലക്ഷം