ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയത് സമാനതകളില്ലാത്ത മനുഷ്യക്കുരുതിയെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷന്‍. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയില്‍ മാത്രം ഇരുപതിനായിരത്തിലധികം പലസ്തീന്‍ കുട്ടികളെ ഇസ്രയേല്‍ സൈന്യം കൊന്നൊടുക്കിയതായി യുഎന്‍ ജൂണ്‍ 23-ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പലസ്തീനികളുടെ ഭാവി തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ തന്ത്രത്തിന്റെ ഭാഗമായാണ് കുട്ടികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര സമിതി കുറ്റപ്പെടുത്തി.
2023 ഒക്ടോബര്‍ 7 മുതല്‍ ആരംഭിച്ച സംഘര്‍ഷങ്ങളില്‍ 20,179 കുട്ടികള്‍ കൊല്ലപ്പെടുകയും 44,143 കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആകെ കൊല്ലപ്പെട്ടവരുടെ മുപ്പത് ശതമാനത്തോളം വരും. ഇസ്രയേലിന്റെ ഈ ക്രൂരതകള്‍ വംശഹത്യ, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍ എന്നിവയുടെ പരിധിയില്‍ വരുന്നതാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. കഴിഞ്ഞ ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും അത് ലംഘിച്ചുകൊണ്ട് ഇസ്രയേല്‍ സൈനിക നടപടികള്‍ തുടരുകയാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീനിവാസന്‍ മുരളീധരന്‍ വ്യക്തമാക്കി.
ഗാസയിലും വെസ്റ്റ് ബാങ്കിലും കൂട്ട അറസ്റ്റുകളിലൂടെ തടവിലാക്കപ്പെട്ട പലസ്തീന്‍ കുട്ടികള്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ലൈംഗിക-ശാരീരിക അതിക്രമങ്ങള്‍ക്കും ഇരയായിട്ടുണ്ട്. ഗാസയിലെ ജനന നിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പ്രസവചികിത്സാ കേന്ദ്രങ്ങളും ഐ.വി.എഫ് ലബോറട്ടറികളും ഇസ്രയേല്‍ ആസൂത്രിതമായി തകര്‍ത്തു. ആശുപത്രികളും സ്‌കൂളുകളും ബോംബിട്ടു നശിപ്പിച്ചതിലൂടെ കുട്ടികളുടെ കുട്ടിക്കാലവും മാനസികാരോഗ്യവും പൂര്‍ണ്ണമായി ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, യുഎന്നിന്റെ ഈ ഗുരുതരമായ കണ്ടെത്തലുകള്‍ ഇസ്രയേല്‍ ഔദ്യോഗികമായി തള്ളി.
ഗാസയില്‍ ഇസ്രയേല്‍ കൊന്നൊടുക്കിയത് ഇരുപതിനായിരത്തിലേറെ കുട്ടികളെ; വംശഹത്യ സ്ഥിരീകരിച്ച് യുഎന്‍ അന്വേഷണ സമിതി