ന്യൂഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പോലീസിന്റെ കടുത്ത അതിക്രമം. പ്രതിഷേധത്തിനിടെ ആതിര, റിതു എന്നീ വനിതാ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കനത്ത മർദ്ദനവും ശാരീരിക അതിക്രമവുമുണ്ടായി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികൾ ഒക്ടോബർ 15-ന് രാത്രി പരാതി നൽകാനായി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല.
പോലീസിന്റെ ഈ അനാസ്ഥയ്ക്കും അതിക്രമത്തിനുമെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോർഡിനേറ്റർ വിനീത് തോമസ് ദേശീയ മനുഷ്യാവകാശ കമ്മീഷനിലും (NHRC) ദേശീയ വനിതാ കമ്മീഷനിലും (NCW) അടിയന്തര പരാതി നൽകി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കൂടാതെ ഡൽഹി പോലീസ് കമ്മീഷണറോട് ആക്ഷൻ ടേക്കൻ റിപ്പോർട്ടും (ATR) സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും വിളിച്ചുവരുത്തണമെന്നും, പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ആവശ്യമായ വൈദ്യസഹായവും നിയമസഹായവും ഉറപ്പാക്കണമെന്നും കമ്മീഷനുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സംഭവത്തിൽ കേരള മുഖ്യമന്ത്രിക്ക് വിനീത് തോമസ് സമർപ്പിച്ച ഇ-മെയിൽ പരാതിയിൽ (Eptn 13787/2026) അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നും നിർദ്ദേശം നൽകി. പരാതിയിൻമേൽ അന്വേഷണം നടത്തി ആവശ്യമായ തുടർനടപടികൾ കൈക്കൊള്ളുന്നതിനായി കേസ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രമസമാധാനം)-ന് കൈമാറിക്കൊണ്ട് ഔദ്യോഗിക എൻഡോഴ്സ്മെന്റ് ഉത്തരവ് പുറത്തിറക്കി കഴിഞ്ഞു.
ഡൽഹിയിൽ മർദ്ദനമേറ്റ പെൺകുട്ടികളോട് ഡൽഹി പോലീസിന്റെ അനാസ്ഥ; കേസെടുത്തില്ല; മനുഷ്യാവകാശ-വനിതാ കമ്മീഷനുകളിൽ പരാതി