ലണ്ടന്‍: ഐസിസി വനിതാ ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്താനെ നേരിടും. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
ഇംഗ്ലണ്ടും വെയ്ല്‍സും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് ടൂര്‍ണമെന്റ് ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെയാണ് നടക്കുന്നത്. ഇത്തവണ ചരിത്രത്തിലാദ്യമായി 12 ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ശക്തമായ ടീമുമായാണ് ഇന്ത്യ ഇത്തവണ ലോകകപ്പിന് എത്തിയിരിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന, ഷഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ്മ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. മറുവശത്ത് ഫാത്തിമ സനയുടെ നേതൃത്വത്തിലാണ് പാകിസ്താന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഇറങ്ങുന്നത്.
ഗ്രൂപ്പ് എയില്‍ പാകിസ്താനെതിരെയുള്ള ഇന്നത്തെ മത്സരത്തിന് ശേഷം ജൂണ്‍ 21-ന് ദക്ഷിണാഫ്രിക്കയുമായും, ജൂണ്‍ 28-ന് ലോര്‍ഡ്‌സില്‍ വെച്ച് ശക്തരായ ഇംഗ്ലണ്ടുമായും ഇന്ത്യക്ക് മത്സരങ്ങളുണ്ട്. കഴിഞ്ഞ തവണ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡാണ് വനിതാ ടി20 ലോകകപ്പ് കിരീടം ചൂടിയത്. എന്നാല്‍ ഇത്തവണ കിരീടം ഇന്ത്യയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹര്‍മന്‍പ്രീതും സംഘവും തങ്ങളുടെ ആദ്യ പോരാട്ടത്തിന് പാഡണിയുന്നത്.
കന്നിക്കിരീടം ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീതും സംഘവും; വനിതാ ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ - പാക് ക്ലാസിക് പോര്