കിഫ്ബിയുടെ (KIIFB) നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന ഭൂമി ഏറ്റെടുക്കലിൽ വൻ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും നടന്നതായി ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയാൽ ഒട്ടേറെ പ്രമുഖർ കുടുങ്ങുമെന്നാണ് വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
വ്യവസായ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തും എറണാകുളത്തും സർക്കാരിന് ഭൂമി അത്യാവശ്യമായിരിക്കെ, കണ്ണൂരിലും പാലക്കാട്ടുമായി 5,366 ഏക്കർ ഏറ്റെടുക്കാൻ കിഫ്ബി 12,727 കോടി രൂപ അനുവദിച്ചതിൽ വലിയ ദുരൂഹതയുണ്ടെന്ന് വിദഗ്ധസമിതി നിരീക്ഷിക്കുന്നു. വികസന മുൻഗണനകൾ കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഈ നീക്കം നടന്നത്.
കണ്ണൂർ കേന്ദ്രീകരിച്ച് ഇത്രയും വലിയ തുകയുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ഭരണഘടനാപരമായ ലംഘനങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കുകയോ മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരം നേടുകയോ ചെയ്യാതെയാണ് കിഫ്ബി കോടികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടന്നത്.
മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത; കിഫ്ബിയെ കുരുക്കി വിദഗ്ധസമിതി റിപ്പോർട്ട്