തിരുവനന്തപുരം: കേരളത്തില്‍ കഴിവുറ്റ ധാരാളം ക്രിക്കറ്റ് താരങ്ങളുണ്ടെന്നും അവര്‍ക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള മികച്ച വേദിയാണ് കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) പോലുള്ള ടൂര്‍ണമെന്റുകളെന്നും വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍. കെസിഎല്ലിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലീഗിലെ പ്രമുഖ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഹ ഉടമ കൂടിയാണ് വിന്‍ഡീസ് താരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സും തൃശ്ശൂര്‍ ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ആരാധകര്‍ക്കായി ഗെയ്ലിന്റെ പ്രത്യേക ബാറ്റിങ് പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
മുന്‍പും കേരളത്തില്‍ വന്നിട്ടുണ്ടെന്നും ഈ മനോഹര നാട്ടിലേക്ക് വീണ്ടും എത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഗെയ്ല്‍ വ്യക്തമാക്കി. ഒരു സുഹൃത്ത് വഴിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെയും കെസിഎല്ലിന്റെയും ഭാഗമാകാന്‍ സാധിച്ചത്. കേരളത്തില്‍ ഒരുപാട് മികച്ച കളിക്കാരുണ്ട്, അവര്‍ക്ക് ഉയര്‍ന്നു വരാന്‍ ഇത്തരം പ്രാദേശിക ടൂര്‍ണമെന്റുകള്‍ വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൈതാനത്തോട് വിടപറഞ്ഞെങ്കിലും പുതിയ റോളില്‍ തുടരുന്നതിലെ സന്തോഷവും വിന്‍ഡീസ് താരം പങ്കുവെച്ചു. കളി നിര്‍ത്തിയെങ്കിലും ക്രിക്കറ്റുമായുള്ള ബന്ധം തുടരാന്‍ സാധിക്കുന്നുണ്ട്. ടീമിലെ പുതിയ കളിക്കാരുടെ മെന്ററായി പ്രവര്‍ത്തിക്കാനും തന്റെ അനുഭവ സമ്പത്ത് അവരുമായി പങ്കുവെക്കാനും കഴിയുന്നുണ്ട്. ഇന്ത്യയില്‍ വലിയ ക്രിക്കറ്റ് പ്രതിഭകളുണ്ട്, പ്രത്യേകിച്ച് കേരളത്തിലും കഴിവുള്ള ഒരുപാട് താരങ്ങളുണ്ട്. ഐപിഎല്ലിലൂടെ മലയാളികളുടെ ഈ മികവ് നാം കാണുന്നുണ്ടെന്നും ക്രിസ് ഗെയ്ല്‍ പറഞ്ഞു.
കേരളത്തില്‍ പ്രതിഭകള്‍ക്ക് ക്ഷാമമില്ല, കെസിഎല്‍ യുവതാരങ്ങള്‍ക്ക് മികച്ച അവസരം: വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്