"ഒന്നുകിൽ ആണവകരാർ, അല്ലെങ്കിൽ കീഴടങ്ങൽ": ഇറാനു മുന്നറിയിപ്പുമായി ട്രംപ്; ചർച്ചകൾ നിഷേധിച്ച് ടെഹ്റാൻ
ഇറാനുമായി നിലവിൽ പുതിയ കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാന് ഒരു കരാറിൽ ഒപ്പുവയ്ക്കാനുള്ള അവസാന അവസരമാണിതെന്നും അല്ലാത്തപക്ഷം കടുത്ത സൈനിക നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, ട്രംപിന്റെ ഈ വാദങ്ങളെ പൂർണമായി തള്ളിക്കളയുകയാണ് ഇറാൻ ചെയ്തത്.
സൈനിക നീക്കത്തിലേക്ക് കടക്കുന്നതിന് മുൻപായി ഇറാന് ഒരു അവസരം കൂടി നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുമായി ചർച്ചയ്ക്ക് മുൻകൈ എടുത്തത് ഇറാൻ തന്നെയാണെന്നും ഇതിന് സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ സൈനിക പദ്ധതികൾ തയ്യാറാണെങ്കിലും ചർച്ചകളിലൂടെ അതിവേഗം ഒരു കരാറിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ വാദങ്ങൾ തള്ളി ഇറാൻ
അതേസമയം, അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ യുഎസുമായി കൂടിക്കാഴ്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഒമാനുമായി മാത്രമാണ് ആശയവിനിമയം നടക്കുന്നത് എന്നും അത് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രമാണെന്നും ഇറാൻ വ്യക്തമാക്കി.
നേരത്തെ, ഇറാൻ ഒന്നുകിൽ പുതിയ ആണവ കരാറിൽ ഒപ്പുവയ്ക്കാൻ തയ്യാറാകണമെന്നും അല്ലെങ്കിൽ പൂർണമായി കീഴടങ്ങേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസിന്റെ കടുത്ത നാവിക ഉപരോധം കാരണം ഇറാനിലേക്ക് ഉൽപ്പന്നങ്ങളൊന്നും എത്തുന്നില്ലെന്നും നിലവിലെ സാഹചര്യത്തിൽ മറ്റു വഴികളില്ലാത്തതിനാൽ ഇറാൻ ഭരണകൂടം സഹകരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.