വയനാട് മുത്തങ്ങയിലെ ആദിവാസി ഭൂസമരത്തോടൊപ്പം നിന്നതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഡനത്തിനിരയായ ഡയറ്റ് അധ്യാപകൻ കെ.കെ. സുരേന്ദ്രന് അർഹമായ നീതി ഉറപ്പാക്കി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ. കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരവും ഹർജി നൽകിയ തീയതി മുതൽ 6 ശതമാനം വാർഷിക പലിശയും നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കൽപ്പറ്റ രണ്ടാം അഡീഷണൽ ജില്ലാ കോടതിയുടെ വിധി നടപ്പാക്കിക്കൊണ്ട് ഒക്ടോബർ 8നാണ് ഈ സുപ്രധാന ഉത്തരവ് പുറത്തിറങ്ങിയത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുൻ എൽ.ഡി.എഫ് സർക്കാർ കോടതി വിധിക്കെതിരെ അപ്പീൽ നൽകി ഇരയുടെ നീതിഷേധത്തിന് ആക്കം കൂട്ടുകയായിരുന്നു ചെയ്തത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തിൽ 'സേനയുടെ മനോവീര്യം തകരുമെന്ന' വാദങ്ങളാണ് അന്ന് മുൻ സർക്കാർ ഉയർത്തിയത്. എന്നാൽ, അപ്പീൽ കോടതി നഷ്ടപരിഹാരം വർധിപ്പിച്ചിട്ടും വീണ്ടും നിയമനടപടികളുമായി മുന്നോട്ടുപോയി ഇരയെ ദ്രോഹിക്കേണ്ടതില്ലെന്ന കൃത്യമായ നിലപാടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിച്ചത്. ജൂലൈയിൽ നേരിട്ടെത്തിയ സുരേന്ദ്രന്റെ അപേക്ഷ അനുഭാവപൂർവ്വം പരിഗണിച്ചാണ് യു.ഡി.എഫ് സർക്കാർ ഈ ധീരമായ തീരുമാനം കൈക്കൊണ്ടത്.
2003 ഫെബ്രുവരി 22നാണ് സുൽത്താൻ ബത്തേരി ഡയറ്റ് സീനിയർ ലക്ചററായ സുരേന്ദ്രനെ പൊലീസ് സ്റ്റാഫ് റൂമിൽനിന്ന് ക്രൂരമായി വലിച്ചിഴച്ച് കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനിൽ വെച്ച് ഇരുചെവികൾക്കും പരിക്കേൽക്കുന്ന രീതിയിലും ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയും അദ്ദേഹത്തെ അമാനവികമായി പീഡിപ്പിച്ചു. തുടർന്ന് കള്ളക്കേസുകളിൽ പ്രതിയാക്കിയെങ്കിലും, സിബിഐ അന്വേഷണത്തിൽ അദ്ദേഹത്തിന് പൂർണ്ണമായും ക്ലീൻ ചിറ്റ് ലഭിക്കുകയാണുണ്ടായത്.
അന്യായമായ അറസ്റ്റിനും പീഡനങ്ങൾക്കും ഉത്തരവാദികളെന്ന് കോടതി കണ്ടെത്തിയ അന്നത്തെ സുൽത്താൻ ബത്തേരി എസ്.ഐ പി. വിശ്വംഭരൻ, സി.ഐ വി. ദേവരാജ് എന്നിവരിൽ നിന്നാണ് നഷ്ടപരിഹാരത്തുക ഈടാക്കുന്നത്. സുരേന്ദ്രന് ആദ്യം തുക നൽകിയ ശേഷം, മൂന്ന് മാസത്തിനകം ഈ തുക രണ്ട് മുൻ ഉദ്യോഗസ്ഥരുടെ വ്യക്തിഗത സ്വത്തിൽ നിന്ന് നിയമാനുസൃതം ഈടാക്കാൻ ആഭ്യന്തര വകുപ്പ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.