'തളിരോമലേ ചെറു തൂവലേ...'; ചിത്രയുടെ ആലാപനത്തില്‍ ഹൃദയം തൊട്ട് 'തുടക്കം' സിനിമയിലെ ആദ്യ ഗാനം പുറത്ത്
കൊച്ചി: '2018' എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'തുടക്കം' സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മലയാളികളുടെ പ്രിയ ഗായിക കെ.എസ് ചിത്രയുടെ ആലാപനത്തില്‍ എത്തിയ 'തളിരോമലേ... ചെറു തൂവലേ...' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മാതാപിതാക്കളുടെ പൊന്നോമനയായ മകളെക്കുറിച്ച് അമ്മ പാടുന്ന ഈ മെലഡി ഗാനം ഇതിനകം തന്നെ നവമാധ്യമങ്ങളില്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.
ജോപോളിന്റെ വരികള്‍ക്ക് ജെയ്ക്‌സ് ബിജോയ്‌സാണ് ഈണം പകര്‍ന്നിരിക്കുന്നത്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണ് 'തുടക്കം'. വിസ്മയക്കൊപ്പം സായ്കുമാര്‍, ചിപ്പി, എസ്സാ എന്നിവരാണ് ഈ ഗാനരംഗത്തില്‍ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിന്റെ മുന്‍നിര നായികമാരില്‍ ഒരാളായ ചിപ്പി വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും അതീവ നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സാധാരണ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍, ചില സുപ്രധാന വഴിത്തിരിവുകളോടെയാണ് ചിത്രം ഒരുങ്ങുന്നത്. പുതുമുഖം ആശിഷ് ജോ ആന്റണി, മനോജ് കെ. ജയന്‍, ഗണേഷ് കുമാര്‍, ബോബി കുര്യന്‍, ദിനേശ് പ്രഭാകര്‍, ജാഫര്‍ ഇടുക്കി, കോട്ടയം രമേഷ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ഡോ. എമില്‍ ആന്റണി, ഡോ. അനീഷ ആന്റണി എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അഖില്‍ ജോര്‍ജ്, ജോമോന്‍ ടി. ജോണ്‍ എന്നിവര്‍ ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പീരുമേട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ 'തുടക്കം' ആഗസ്റ്റ് ഏഴിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.