ടാറ്റ ഗ്രൂപ്പിനെ നയിക്കാൻ മലയാളി? ആരാണ് ടി.വി നരേന്ദ്രൻ? ടാറ്റയിൽ വ്യവസായ വിപ്ലവങ്ങൾ സൃഷ്ടിച്ച നേതൃത്വം
മുംബൈ: ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചതിനെ തുടർന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ പ്രകാരം അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചാണ് അടുത്ത ചെയർമാനെ തെരഞ്ഞെടുക്കുക. സെലക്ഷൻ പാനൽ നിർദേശിക്കുന്ന വ്യക്തിയെ ചെയർമാനായി നിയമിക്കാൻ ടാറ്റാ സൺസ് ബോർഡിന് അധികാരമുണ്ട്. ടാറ്റ സൺസിന്റെ പുതിയ ചെയർമാനായി നിയമിതനാകാൻ സാധ്യതയുള്ള വ്യക്തിയാണ് ടി.വി നരേന്ദ്രൻ. ടാറ്റ സ്റ്റീലിന്റെ മാനേജിങ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് അദ്ദേഹം. ടി.വി നരേന്ദ്രന്റെ തറവാട് എറണാകുളം ജില്ലയിലാണ്.
2027 ഫെബ്രുവരിയിൽ നിലവിലെ കാലാവധി അവസാനിക്കുന്നതോടെ ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്ത് മറ്റൊരു ഊഴത്തിന് കൂടി താനില്ലെന്നാണ് എൻ. ചന്ദ്രശേഖരൻ പ്രഖ്യാപിച്ചത്. ഇതോടെ ടാറ്റാ ഗ്രൂപ്പിനെ ഇനി ആര് നയിക്കുമെന്ന ചോദ്യം ഇന്ത്യയിലെ കോർപ്പറേറ്റ് ലോകത്ത് വീണ്ടും പ്രധാന ചർച്ചാവിഷയമായിരിക്കുകയാണ്.
ടാറ്റയുടെ നേതൃമാറ്റം - നടപടിക്രമങ്ങൾമറ്റ് പല ഇന്ത്യൻ കോർപ്പറേറ്റ് ഗ്രൂപ്പുകളിലും പ്രൊമോട്ടർ കുടുംബത്തിന് നേരിട്ട് പിൻഗാമിയെ പ്രഖ്യാപിക്കാൻ സാധിക്കുമെങ്കിലും, ടാറ്റാ സൺസ് കൂടുതൽ ഘടനാപരമായ ഒരു രീതിയാണ് പിന്തുടരുന്നത്. ടാറ്റാ സൺസിന്റെ നിർദ്ദിഷ്ട നിയമങ്ങൾ അനുസരിച്ച് അഞ്ചംഗ കമ്മിറ്റിയാണ് ചെയർമാനെ തിരഞ്ഞെടുക്കുന്നത്. സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റാ ട്രസ്റ്റും സംയുക്തമായി നാമനിർദ്ദേശം ചെയ്യുന്ന മൂന്ന് അംഗങ്ങൾ, ടാറ്റാ സൺസ് ബോർഡ് നിർദ്ദേശിക്കുന്ന വ്യക്തി, ബോർഡ് തിരഞ്ഞെടുക്കുന്ന സ്വതന്ത്ര അംഗം എന്നിവർ ഉൾപ്പെടുന്നതാണ് കമ്മിറ്റി.
ആരാണ് ടി. വി. നരേന്ദ്രൻ?
ടാറ്റാ സാമ്രാജ്യത്തിനുള്ളിലെ
ഏറ്റവും പരിചയസമ്പന്നരായ ബിസിനസ്സ് എക്സിക്യൂട്ടീവുകളിൽ ഒരാളാണ് ടി. വി.
നരേന്ദ്രൻ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ട്രിച്ചിയിൽ നിന്ന്
എഞ്ചിനീയറിംഗ് ബിരുദവും, ഐ.ഐ.എം കൽക്കട്ടയിൽ നിന്ന് മാനേജ്‌മെന്റ് ബിരുദവും
നേടിയ അദ്ദേഹം 1988-ൽ ടാറ്റാ സ്റ്റീലിലൂടെയാണ് ടാറ്റാ ഗ്രൂപ്പിൽ
ചേരുന്നത്.
നാല് പതിറ്റാണ്ടുകളായി സെയിൽസ്, മാർക്കറ്റിംഗ്, അന്താരാഷ്ട്ര ബിസിനസ്, എക്സിക്യൂട്ടീവ് നേതൃത്വ പദവികൾ എന്നിവയിലായി അദ്ദേഹം പ്രവർത്തിച്ചു വരുന്നു. തന്റെ കരിയറിന്റെ വലിയൊരു ഭാഗം തായ്‌ലൻഡിൽ ചെലവഴിച്ച നരേന്ദ്രൻ, തെക്കുകിഴക്കൻ ഏഷ്യയിൽ ടാറ് സ്റ്റീലിന്റെ സാന്നിധ്യം ശക്തമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. പിന്നീട് ടാറ്റാ സ്റ്റീലിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ തലവനായ അദ്ദേഹം, 2013-ൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു. നരേന്ദ്രൻ ചുമതലയേൽക്കുന്ന സമയത്ത്, ഉയർന്ന കടബാധ്യത, ആഗോള സ്റ്റീൽ വിപണിയിലെ അസ്ഥിരത, ചെലവേറിയ വിദേശ കമ്പനി ഏറ്റെടുക്കലുകളുടെ ആഘാതം എന്നിവയെല്ലാം ടാറ്റ സ്റ്റീലിന് വലിയ വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, കടം കുറയ്ക്കൽ, ക്യാഷ് ഫ്ലോ മെച്ചപ്പെടുത്തൽ, ഉയർന്ന മൂല്യമുള്ള ഉല്പന്നങ്ങളുടെ പ്രൊഡക്ഷൻ വർധന, ആഭ്യന്തര വിപണിയിലെ പൊസിഷൻ ശക്തമാക്കൽ എന്നിവയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. യു.കെ, നെതർലൻഡ്‌സ് എന്നിവിടങ്ങളിലെ കമ്പനി പുനഃസംഘടന ഉൾപ്പെടെ, യൂറോപ്പിലെ സങ്കീർണ്ണമായ പ്രവർത്തനങ്ങളും ടാറ്റാ സ്റ്റീൽ കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഈ മേഖലയിലെ ബിസിനസുകൾ ഇപ്പോഴും ചില വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, ആഭ്യന്തര വിഷയങ്ങൾക്കുപരി, സങ്കീർണമായ അന്താരാഷ്ട്ര- വ്യാവസായിക പ്രശ്നങ്ങളും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഒരു നേതാവ് എന്ന ഖ്യാതി നേടാൻ നരേന്ദ്രന് സാധിച്ചു.
വൻകിട വ്യാവസായിക പ്രവർത്തനങ്ങൾ, തൊഴിലാളി പ്രശ്നങ്ങൾ, സർക്കാർ നിയമങ്ങൾ, ആഗോള വിപണികൾ, ദീർഘകാല നിക്ഷേപ പ്രക്രിയകൾ എന്നിവ വ്യക്തമായി മനസ്സിലാക്കുന്ന എക്സിക്യൂട്ടീവുകളെയാണ് ടാറ്റാ ഗ്രൂപ്പ് ചരിത്രപരമായി എപ്പോഴും മുൻഗണന നൽകി പരിഗണിച്ചിട്ടുള്ളത്. സാമ്പത്തിക കാര്യങ്ങളിലോ കോർപ്പറേറ്റ് തലത്തിലോ മാത്രം പരിചയസമ്പന്നരായ മറ്റ് എക്സിക്യൂട്ടീവുകളെ അപേക്ഷിച്ച്, ഈ യോഗ്യതകൾക്ക് ഏറ്റവും അനുയോജ്യമായ വ്യക്തിത്വമാണ് നരേന്ദ്രന്റേത്. എൻ. ചന്ദ്രശേഖരന്റെ വളർച്ചയിൽ നിന്ന് തികച്ചും വ്യത്യസ്തമായ കരിയർ വഴിയാണ് നരേന്ദ്രന്റേത്. ചന്ദ്രശേഖരൻ ടി.സി.എസ് വഴി സാങ്കേതികവിദ്യ, സേവന മേഖലയിൽ നിന്നാണ് ഉയർന്നുവന്നതെങ്കിൽ, നരേന്ദ്രൻ വ്യാവസായിക, നിർമ്മാണ മേഖലയിൽ അടിത്തറയുള്ള വ്യക്തിയാണ്.
അടുത്ത ചെയർമാനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തങ്ങളാണ്. എയർ ഇന്ത്യയുടെ തിരിച്ചു വരവ്, സെമികൺഡക്ടർ മേഖലയിലെ നിക്ഷേപങ്ങൾ, ടാറ്റ ക്യാപിറ്റലിന്റെ ഭാവി, ടി.സി.എസിന്റെ വളർച്ചയുമായി ബന്ധപ്പെട്ട ആശങ്കകൾ, മൂലധന വിതരണം സംബന്ധിച്ച ചോദ്യങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ പുതിയ ചെയർമാൻ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിഷയങ്ങളാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.