ഇന്ത്യൻ ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിൽ നിന്നും പുറത്തായ മുൻ നായകൻ സൂര്യകുമാർ യാദവിന് കൂടുതൽ തിരിച്ചടി നൽകി മുംബൈ രഞ്ജി ട്രോഫി ടീമിൽ നിന്നും തഴഞ്ഞു. വരാനിരിക്കുന്ന രഞ്ജി സീസണിൽ ചണ്ഡീഗഢിനെതിരെയുള്ള ആദ്യ മത്സരത്തിനുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് 36-കാരനായ സൂര്യകുമാർ ഒഴിവാക്കപ്പെട്ടത്. ചുവന്ന പന്ത് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ച താരത്തിന് ഈ തീരുമാനം വലിയ പ്രഹരമായി. രഞ്ജി ടൂർണമെന്റിൽ കളിക്കാൻ സന്നദ്ധനാണെന്ന് സൂര്യകുമാർ സെലക്ഷൻ കമ്മിറ്റിയെ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും, താരത്തിന്റെ റെഡ് ബോൾ ഫോർമാറ്റിലെ സമീപകാല പ്രകടനത്തിൽ തൃപ്തരല്ലാത്തതിനാലാണ് സെലക്ടർമാർ അദ്ദേഹത്തെ പരിഗണിക്കാതിരുന്നത്.
ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കിരീടം നേടിത്തന്ന തൊട്ടുപിന്നാലെ സൂര്യകുമാറിനെ നായകസ്ഥാനത്ത് നിന്ന് നീക്കി ശ്രേയസ് അയ്യരെ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഇതിനുപിന്നാലെ ബി.സി.സി.ഐയുടെ എല്ലാ ഫോർമാറ്റുകളിലെയും ടീമുകളിൽ നിന്ന് സൂര്യകുമാർ പൂർണ്ണമായി പുറത്താവുകയും ചെയ്തു. റെഡ് ബോൾ മത്സരങ്ങളിൽ കളിച്ച് മികവ് തെളിയിച്ച് ദേശീയ ടീമിലേക്ക് തിരിച്ചെത്താമെന്ന താരത്തിന്റെ പ്രതീക്ഷകളാണ് മുംബൈ സെലക്ടർമാരുടെ ഈ കടുത്ത നിലപാടോടെ മങ്ങിയത്.
അതേസമയം, പ്രഖ്യാപിച്ച മുംബൈ ടീമിൽ സിദ്ധേഷ് ലാഡിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. 19-കാരനായ യുവതാരം ആയുഷ് മാത്രെയെ വൈസ് ക്യാപ്റ്റനാക്കിയതാണ് മറ്റൊരു പ്രധാന മാറ്റം. കേവലം 13 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ മാത്രം പരിചയ സമ്പത്തുള്ള ആയുഷ്, ഇന്ത്യയെ അണ്ടർ-19 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മികച്ച നായകനാണ്. ഭാവിയിലെ ക്യാപ്റ്റനായി താരത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചുമതല നൽകിയിരിക്കുന്നത്. ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ എന്നിവരും പ്രഖ്യാപിച്ച ടീമിൽ ഇടംനേടിയിട്ടുണ്ട്.
ഇന്ത്യൻ ടീമിൽ ഇടമില്ല, ഇനി രഞ്ജിയുമില്ല; സൂര്യകുമാർ യാദവിന്റെ തിരിച്ചുവരവ് പ്രതീക്ഷകൾക്ക് മങ്ങൽ